ഭോപ്പാല്‍:ഛത്തീസ്‌ഗഡില്‍ മാധ്യമങ്ങൾ ചർച്ചയാക്കിയ പ്രമുഖ പേരുകളെ ഒഴിവാക്കി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിഷ്‌ണു ദിയോ ദേശായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച ബിജെപി മധ്യപ്രദേശിലും അതേ തന്ത്രത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ദക്ഷിൺ ഉജ്ജയിൻ മണ്ഡലത്തില്‍ നിന്ന് തുടർച്ചയായി മൂന്നാം തവണ വിജയിച്ചെത്തിയ ഒബിസി നേതാവും നിലവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ മോഹൻ യാദവാകും ഇനി ഹിന്ദി ഹൃദയ ഭൂമിയുടെ (മധ്യപ്രദേശ്) മുഖ്യമന്ത്രി.
വിദ്യാർഥി രാഷ്ട്രീയത്തില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക്: ദക്ഷിണ ഉജ്ജയിനില്‍ നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാവാണ് മോഹൻ യാദവ്. സംസ്ഥാനത്തെ പ്രമുഖ ഒബിസി മുഖമെന്ന നിലയിലും മോഹൻ യാദവിന് സംസ്ഥാന രാഷ്ട്രീയത്തില്‍ നിർണായക സ്ഥാനമുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഉജ്ജയിൻ ഭാരവാഹി ആയാണ് അൻപത്തെട്ടുകാരനായ ഡോ മോഹൻ യാദവ് രാഷ്ട്രീയത്തിലെത്തുന്നത്. നിയമബിരുദധാരിയായ ഡോ മോഹൻ യാദവ് എംബിഎ ബിരുദവും ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്.
1988ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്‍റെ സംസ്ഥാന ഭാരവാഹിയായി. 1997ല്‍ യുവമോർച്ച നേതൃത്വത്തിലെത്തിയ മോഹൻ യാദവ് 2004ല്‍ ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗമായി. 2004-2010 ൽ ഉജ്ജയിൻ വികസന അതോറിറ്റിയുടെ ചെയർമാൻ എന്ന നിലയിലാണ് മോഹൻ യാദവിന്‍റെ പേര് സംസ്ഥാനത്തിന് അപ്പുറത്തേക്ക് ചർച്ച ചെയ്യപ്പെട്ടത്. അതിന് ശേഷം ഉജ്ജയിനിലെ ടൂറിസം വികസനത്തിന്‍റെ ചുമതലക്കാരൻ എന്ന നിലയില്‍ രാഷ്ട്രപതിയുടെ അവാർഡും സ്വന്തമാക്കി.
2013ലും 2018ലും ദക്ഷിണ ഉജ്ജയിനില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാണ് 2023ല്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
എട്ട് ദിവസം നീണ്ട ചർച്ചകൾ: ഇത്തവണ ഭരണം ഉറപ്പാണെന്ന പ്രചാരണം നടത്തിയ കോൺഗ്രസിനെ തറപറ്റിച്ച് മധ്യപ്രദേശില്‍ അധികാരം പിടിച്ച ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ആരാകണം എന്ന കാര്യത്തില്‍ ദിവസങ്ങൾ നീണ്ട ചർച്ചകളാണ് നടന്നത്. ഡിസംബർ മൂന്നിന് ഫലം വന്നെങ്കിലും എട്ട് ദിവസം കഴിഞ്ഞാണ് അപ്രതീക്ഷിത പ്രഖ്യാപനമായി മോഹൻ യാദവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേന്ദ്രത്തില്‍ നിന്നെത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഒബിസി മോർച്ച മേധാവി കെ ലക്ഷ്മൺ, സെക്രട്ടറി ആശാ ലക്ര എന്നിവരുൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷകർ ഇന്ന് എംഎല്‍എമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മോഹൻ യാദവിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുതിർന്ന നേതാക്കളായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് പട്ടേൽ, കൈലാഷ് വിജയവർഗിയ എന്നിവരെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി ബിജെപി ദേശീയ നേതൃത്വം പരിഗണിച്ചിരുന്നത്. ഇതോടൊപ്പം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ചർച്ചകളില്‍ നിറഞ്ഞിരുന്നു.
ഇന്ന് സംസ്ഥാന ബിജെപി കോർ കമ്മിറ്റി യോഗം നടക്കുമ്പോൾ ശിവ്‌രാജ് സിങ് ചൗഹാൻ, നരേന്ദ്ര സിംഗ് തോമർതോമർ, പ്രഹ്ലാദ് പട്ടേൽ പട്ടേൽ, വിജയ വർഗിയ എന്നിവരുടെ അനുയായികൾ പാർട്ടി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടി അവരവരുടെ നേതാക്കൾക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചിരുന്നു. 230 അംഗ നിയമസഭയില്‍ 163 സീറ്റുകൾ നേടിയാണ് ബിജെപി മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. കോൺഗ്രസ് 66 സീറ്റിലൊതുങ്ങിയിരുന്നു.