ന്യൂഡൽഹി:ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് അഖിലേന്ത്യ ഇമാം ഓർഗനൈസേഷന്‍ തലവൻ ഇമാം ഉമൈർ അഹമ്മദ് ഇല്യാസിയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ കൂടിക്കാഴ്‌ചയെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ്. യാത്ര സ്വാധീനം ചെലുത്തിയെങ്കിൽ ത്രിവർണ പതാകയേന്തി രാഹുൽ ഗാന്ധിക്കൊപ്പം ഒരു മണിക്കൂർ യാത്രയിൽ പങ്കെടുക്കണമെന്നും ഗൗരഭ് വല്ലഭ് മോഹൻ ഭാഗവതിനോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങളുമായുള്ള ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മോഹൻ ഭാഗവത് വ്യാഴാഴ്‌ച ഇമാം ഇല്യാസിയുമായി കൂടിക്കാഴ്‌ച നടത്തിയത്. കൂടാതെ ഡൽഹിയിലെ മുസ്ലീം പള്ളിയും മദ്രസയും സന്ദർശിക്കുകയും ചെയ്‌തു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് അഹമ്മദ് ഇല്യാസി മോഹൻ ഭാഗവതിനെ 'രാഷ്‌ട്രപിതാവ്' എന്ന് വിശേഷിപ്പിച്ചത്. മോഹൻ ഭാഗവത് ആദ്യമായാണ് ഒരു മദ്രസ സന്ദർശിക്കുന്നത്. വെരും 15 ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാരത് ജോഡോ യാത്ര കൊണ്ട് ഫലമുണ്ടായി എന്നത് ഇതിൽ നിന്ന് വ്യക്തമാണെന്ന് വല്ലഭ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.