അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (cricket world cup 2023) ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതോടെ പത്ത് വര്‍ഷത്തിന് ശേഷം ഒരു ഐസിസി കീരിടം നേടാമെന്ന ഇന്ത്യയുടെ മോഹങ്ങളാണ് ഇല്ലാതായത്. ടൂര്‍ണമെന്‍റിലുടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും മികവുപുലര്‍ത്തിയ ഇന്ത്യന്‍ ടീമിന് ഫൈനലില്‍ മാത്രമാണ് തിരിച്ചടി നേരിട്ടത്. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി വരെ പത്ത് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് അപരാജിത കുതിപ്പാണ് ടീം ഇന്ത്യ നടത്തിയത്.
ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായി ശ്രദ്ധേയ പ്രകടനമാണ് ഫാസ്‌റ്റ് ബോളര്‍ മുഹമ്മദ് ഷമി കാഴ്‌ചവച്ചത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ബെഞ്ചില്‍ ഇരുന്ന ഷമി പിന്നീടുളള ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നടത്തിയ ഏഴ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മൂന്ന് തവണയാണ് ഷമി ഈ ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. ഫൈനലില്‍ നേടിയ ഒരു വിക്കറ്റോടെ ഈ ലോകകപ്പില്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ ബോളറായും ഷമി മാറി.
അതേസമയം ഫൈനലിന് ശേഷം മുഹമ്മദ് ഷമിയുടേതായി വന്ന ഹൃദയസ്‌പര്‍ശിയായ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഷമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേര്‍ത്തുപിടിക്കുന്ന ഒരു ചിത്രമാണ് താരം ട്വിറ്റില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒപ്പം ഷമി ട്വീറ്റ് ചെയ്‌ത വാക്കുകളും ശ്രദ്ധേയമായി.
"നിര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല, നമ്മുടെ ടീമിനെയും എന്നെയും ടൂര്‍ണമെന്‍റിലുടനീളം പിന്തുണച്ച എല്ലാ ഇന്ത്യക്കാരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡ്രസിങ് റൂമില്‍ വന്ന് ഞങ്ങളെ ആശ്വസിപ്പിക്കുകയും ആത്മാഭിമാനം ഉയര്‍ത്തുകയും ചെയ്‌ത പ്രധാനമന്ത്രിക്കും നന്ദി. നമ്മള്‍ തിരിച്ചുവരും, മുഹമ്മദ് ഷമി ട്വീറ്റ് ചെയ്‌തു (Mohammed Shami's Picture With PM Modi In Dressing Room After World Cup Loss).
പ്രധാനമന്ത്രിക്കൊപ്പമുളള ഒരു ചിത്രം പങ്കുവച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ട്വിറ്ററില്‍ എത്തിയിരുന്നു. "നമ്മള്‍ക്ക് ഇത് ഒരു മികച്ച ടൂര്‍ണമെന്‍റായിരുന്നു എന്നാല്‍ അതിനൊരു ശുഭപര്യവസാനമുണ്ടായില്ല. ഞങ്ങള്‍ എല്ലാം ഹൃദയം തകര്‍ന്നവരാണ്. പക്ഷേ ജനങ്ങളുടെ പിന്തുണ ഞങ്ങളെ മുന്നോട്ടുനയിക്കുന്നു, ഇന്നലെ പ്രധാനമന്ത്രിയുടെ ഡ്രസിങ് റൂം സന്ദര്‍ശനം സവിശേഷവും വളരെ പ്രചോദനാത്മകവുമായിരുന്നു", ജഡേജ എക്‌സില്‍ കുറിച്ചു.
ലോകകപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ചുകൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റും കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. "ലോകകപ്പിലൂടെയുളള നിങ്ങളുടെ കഴിവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങള്‍ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നല്‍കുകയും ചെയ്‌തു. ഇന്നും എന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്" എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചത്.
Also Read:'ഒരിക്കലും അവസാനിക്കാത്ത ഈ പിന്തുണയ്‌ക്ക് നന്ദി' ; ആരാധകരോട് നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം