ഇംഫാൽ :ഒരു മാസത്തിലേറെയായി തുടർന്ന് വരുന്ന വംശീയ കലാപത്തിൽ മുങ്ങിയിരിക്കുന്ന മണിപ്പൂരിലെ അവസ്ഥയെക്കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഒരു വാക്ക് പോലും മിണ്ടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിച്ച് ജനങ്ങൾ. റേഡിയോ എറിഞ്ഞ് പൊട്ടിച്ചും, കത്തിച്ചുമാണ് ജനങ്ങൾ പ്രതിഷേധം നടത്തിയത്. ഇതിന് പിന്നാലെ തകർന്ന റേഡിയോക്ക് ചുറ്റും നിന്ന് ജനങ്ങൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
ഞായറാഴ്‌ച സംപ്രേക്ഷണം ചെയ്‌ത മൻ കി ബാത്തിന്‍റെ 102-ാം എപ്പിസോഡിലും മോദി മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഒരു പരാമർശവും നടത്തിയിരുന്നില്ല. മൻ കി ബാത്തിലെന്നല്ല നൂറിലധികം പേർ കൊല്ലപ്പെട്ട കലാപത്തെ കുറിച്ചോ, ജനങ്ങളുടെ അവസ്ഥയെ കുറിച്ചോ പ്രധാനമന്ത്രി ഇത്ര നാളായിട്ടും ഒരു വാക്ക് പോലും മിണ്ടിയില്ല എന്ന് ആരോപിച്ചാണ് ജനങ്ങൾ റോഡിയോ തകർത്ത് പ്രതിഷേധിച്ചത്.
പ്രശസ്‌ത സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ 'മണിപ്പൂരിലെ ജനങ്ങൾ അവരുടെ മൻ കി ബാത്തിന്‍റെ രുചി മോദിക്ക് നൽകുന്നു' എന്ന തലക്കെട്ടോടെ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പുരുഷൻമാരും സ്‌ത്രീകളും ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ ഇംഫാൽ വെസ്റ്റിൽ റോഡിന് നടുവിൽ നിന്നുകൊണ്ട് റേഡിയോകൾ തകർക്കുകയും, പിന്നീട് തകർന്ന റേഡിയോയെ ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കൂടാതെ ജനങ്ങൾ പ്രധാനമന്ത്രിക്കെതിരെയും മൻ കി ബാത്തിനെതിരെയും മുദ്രാവാക്യവും വിളിക്കുന്നുണ്ട്.
വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ : അതേസമയം പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ട്വിറ്ററിലൂടെ മോദിയെ വിമർശിച്ചു. 'അങ്ങനെ ഒരു മൻ കി ബാത്ത് കൂടി. എന്നാൽ മണിപ്പൂരിന്‍റെ കാര്യത്തിൽ മൗനം. ദുരന്തനിവാരണത്തിൽ ഇന്ത്യയുടെ മഹത്തായ കഴിവുകൾക്ക് പ്രധാനമന്ത്രി സ്വയം മുതുകിൽ തട്ടി അഭിനന്ദിച്ചു.
മണിപ്പൂരിനെ അഭിമുഖീകരിക്കുന്ന പൂർണ്ണമായും മനുഷ്യനിർമ്മിത (യഥാർഥത്തിൽ സ്വയം വരുത്തിവച്ച) മാനുഷിക ദുരന്തത്തെക്കുറിച്ച് എന്താണ് പറയുക. ഇപ്പോഴും സമാധാനത്തിനായി അദ്ദേഹം അപേക്ഷിക്കുന്നില്ല. ഒഡിറ്റബിൾ അല്ലാത്ത പിഎം കെയേഴ്‌സ് ഫണ്ട് ഉണ്ട്, എന്നാൽ മണിപ്പൂരിനെ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് യഥാർഥ ചോദ്യം'. ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.
അതേസമയം മൻ കി ബാത്ത് മതിയാക്കൂ, ഇത് മണിപ്പൂർ കി ബാത്തിന്‍റെ സമയമാണെന്നാണ് തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്‌തത്. നേരത്തെ അമിത് ഷായെ കായിക മന്ത്രാലയം ഏല്‍പ്പിക്കണമെന്നും മണിപ്പൂര്‍ സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാവും എംപിയുമായ സുബ്രഹ്‌മണ്യൻ സ്വാമിയും അഭിപ്രായപ്പെട്ടിരുന്നു.
ഫ്ലാഗ് മാർച്ച് നടത്തി സൈന്യം : അതേസമയം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. മണിപ്പൂരിൽ വീണ്ടും അക്രമം ഉടലെടുക്കുകയും കഴിഞ്ഞ ദിവസം സുരക്ഷ സേനയും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയത്.