ഭോപ്പാല്‍ : കോണ്‍ഗ്രസിനെ നയിക്കുന്നത് അര്‍ബന്‍ നക്‌സലുകളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). കോണ്‍ഗ്രസ് പാർട്ടി പാപ്പരായ അവസ്ഥയിലാണ്, തുരുമ്പിച്ച ഇരുമ്പിന് സമമാണെന്നും മോദി പരിഹസിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന 'കാര്യകര്‍ത്ത മഹാകുംഭ്' എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത് (Modi Slams Congress- Urban Naxals Are Running Party).
കോണ്‍ഗ്രസിന്‍റെ ഇച്ഛാശക്തി ചോര്‍ന്നുപോയതായും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും കരാര്‍ നല്‍കിയിരിക്കുകയാണ്. നേതാക്കളല്ല യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ നടത്തിക്കൊണ്ടുപോകുന്നത്. മുദ്രാവാക്യം തയ്യാറാക്കുന്നതുമുതല്‍ നയ രൂപീകരണം പോലും പുറത്തുനിന്ന് ആളെക്കൊണ്ടുവന്ന് ചെയ്യിക്കുകയാണ്. അര്‍ബന്‍ നക്‌സലുകള്‍ക്കാണ് ഇതിനെല്ലാം കരാര്‍ നല്‍കിയിരിക്കുന്നതെന്നും മോദി ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും (Rahul Gandhi) മോദി പരോക്ഷ പരിഹാസം നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ്. പാവപ്പെട്ടവരുടെ വീടുകളും കോളനികളും അവര്‍ക്ക് വീഡിയോ ഷൂട്ടിനുള്ള ലൊക്കേഷനുകളാണ്. പാവങ്ങളുടെ ജീവിതം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാഹസിക ടൂറിസമാണെന്നും രാഹുല്‍ ഗാന്ധിയുടെ പേരുപറയാതെ പ്രധാനമന്ത്രി പരിഹസിച്ചു.
കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തെയും (I N D I A Alliance) പ്രധാനമന്ത്രി പ്രസംഗത്തിനിടെ കടന്നാക്രമിച്ചു. വനിതാസംവരണ ബില്ലിനെ (Women's Reservation Bill) പാർലമെന്‍റില്‍ എതിർക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാൽ നിയമനിർമ്മാണത്തിന് വലിയ പിന്തുണയുള്ള സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ പിന്തുണക്കേണ്ടിവന്നെന്നും മോദി ചൂണ്ടിക്കാട്ടി. "കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ടാണ് വനിതാസംവരണ ബിൽ പാസാക്കാത്തത്?. ഇപ്പോൾ അവർ ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും യുവാക്കളെയും സ്ത്രീകളെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ദ്രൗപതി മുർമു രാജ്യത്തിന്‍റെ രാഷ്ട്രപതിയാകുന്നത് കാണാൻ ആഗ്രഹിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്" - മോദി കുറ്റപ്പെടുത്തി.