മുംബൈ: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചതിനുശേഷം മാത്രമെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുള്ളൂ എന്ന് മഹാരാഷ്ട്ര കോൺഗ്രസ് മേധാവി നാനാ പട്ടോലെ. ജനങ്ങളുടെ ജീവിതത്തെക്കാൾ പ്രധാനമന്ത്രി മുൻഗണന നൽകുന്നത് വോട്ടെടുപ്പിനാണ്.
രാജ്യത്തൊട്ടാകെ അതിരൂക്ഷ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ റാലികൾ നടത്താനുള്ള തിരക്കിലാണെന്ന് നാനാ പട്ടോലെ പറഞ്ഞു. ഏപ്രിൽ ഒന്നിനും 10നും ഇടയിൽ രാജ്യത്ത് കൊവിഡ് കേസുകൾ അതിവേഗത്തിൽ വർധിച്ചു. എന്നിട്ടും പ്രധാനമന്ത്രി മാസ്‌ക് ധരിക്കാതെ വലിയ റാലികളെ അഭിസംഭോധന ചെയ്യുന്നു.
പശ്ചിമ ബംഗാളിൽ മോദി സന്തോഷത്തോടെയാണ് പ്രചാരണം നടത്തുന്നത്. എന്നാൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളെ മോദി സർക്കാർ അവഗണിക്കുന്നു. എന്ത് സന്ദേശമാണ് റാലികളിൽ മാസ്ക് ധരിക്കാതെ എത്തുന്ന മോദി ജനങ്ങൾക്ക് നൽകുന്നതെന്നും പട്ടോലെ ചോദിച്ചു.