ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യന്‍ കിരീടത്തിലെ രത്‌നങ്ങളാണ് മോദി സര്‍ക്കാര്‍ വിറ്റുതുലയ്‌ക്കുന്നത്. സുഹൃത്തുക്കളായ ചില വ്യവസായികളെ സഹായിക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു.
70 കൊല്ലം രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ കെട്ടിപ്പടുത്ത നേട്ടങ്ങള്‍ നശിപ്പിക്കാന്‍ രൂപപ്പെടുത്തിയതാണ് ഈ പദ്ധതി. ഇത് തൊഴിലവസരങ്ങൾ ഇല്ലാതാക്കും.
ബി.ജെ.പിയുടെ മുന്‍ വാദങ്ങളെ പരിഹസിച്ച് രാഹുല്‍
ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. 70 വർഷത്തിനിടെ ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
എന്നാല്‍,ആ കാലയളവില്‍ കെട്ടിപ്പടുത്ത എല്ലാ സ്വത്തുക്കളും ഇപ്പോള്‍ ബി.ജെ.പി ഭരണകൂടം വിറ്റഴിക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു.
ALSO READ:കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്റ്റ് ചെയ്‌ത് മഹാരാഷ്ട്ര പൊലീസ്
പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് ധനസമാഹരണമല്ലെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരവും പറഞ്ഞു.
ഇത്തരം വലിയ ആസ്തികളുടെ വിൽപ്പന ആരംഭിക്കുന്നതിനുമുമ്പ് കർഷകർ, തൊഴിലാളികള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുൾപ്പെടെയുള്ളവരുമായി ആലോചിക്കേണ്ടിയിരുന്നുവെന്നും ചിദംബരം പറഞ്ഞു.
നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി.
റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രനീക്കം.