ന്യൂഡല്‍ഹി:രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യം ജനാധിപത്യത്തിന് അപകടകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ പാര്‍ട്ടി ഇത്തരത്തിലുള്ള രാഷ്‌ട്രീയത്തിനെതിരാണ്. ഇതിനെതിരായി പോരാടണമെന്നും പ്രധാനമന്ത്രി ബി.ജെ.പി പാർലമെന്‍ററി യോഗത്തിൽ പറഞ്ഞു.
അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നിരവധി എം.പിമാരുടെ മക്കൾക്ക് ടിക്കറ്റ് ലഭിക്കാത്തത് താൻ കാരണമാണെന്ന് പാര്‍ട്ടിയ്‌ക്കുള്ളില്‍ ചിലര്‍ പ്രചരിപ്പിച്ചു. രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യം അപകടകരമാണ്. സംഘടനയ്ക്കുള്ളില്‍ ഇത്തരം കീഴ്വഴക്കങ്ങളുണ്ടെങ്കില്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം എം.പിമാരോടായി പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. അടുത്തിടെ പുറത്തിറങ്ങിയ 'ദി കശ്‌മീര്‍ ഫയൽസ്' എന്ന ചിത്രത്തെയും മോദി അഭിനന്ദിച്ചു. ഇത്തരത്തിലുള്ള സിനിമകൾ കൂടുതൽ നിർമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.