രുദ്രപ്രയാഗ്: മനുഷ്യനെ മോഹിപ്പിക്കുന്ന കാഴ്‌ചകളുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് ഹിമാലയം. കാഴ്‌ചകൾ മാത്രമല്ല തീർഥാടന ടൂറിസവും മേഖലയില്‍ ഇപ്പോൾ വലിയ പ്രചാരം നേടുന്നുണ്ട്. പക്ഷേ വിനോദ സഞ്ചാരികളുടെയും തീർഥാടകരുടെയും തിരക്ക് വർധിച്ചതോടെ ഹിമാലയൻ പരിസ്ഥിതിയിലും ആവാസവ്യവസ്ഥയിലും സാമൂഹിക ഘടനയിലും അത് മാറ്റത്തിന് കാരണമാകുന്നുണ്ട്.
ഹിമാലയത്തിന് ഭീതിവിതച്ച് മനുഷ്യ ഇടപെടൽ; ഇല്ലാതാകുന്നത് ഹിമാലയൻ പികയും ആവാസവ്യവസ്ഥയും ഹിമാലയൻ പികയ്ക്ക് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യം: ഹിമാലയൻ ജൈവവൈവിധ്യത്തിന്‍റെ വലിയൊരു ഭാഗമാണ് ഹിമാലയൻ പിക എന്ന പ്രത്യേകതരം വാലില്ലാത്ത എലി. ഹിമാലയൻ ആൽപൈൻ പുൽമേടുകളായ ബുഗ്യാലിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ചെറിയ ഹിമാലയൻ പികയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. എന്നാൽ വിനോദ സഞ്ചാരികളുടെ അനാസ്ഥയും തീർഥാടകർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഹിമാലയത്തിലെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ പികയുടെ നിലനിൽപ്പിന് ഭീഷണി സൃഷ്‌ടിക്കുകയാണ്.
ഹിമാലയൻ പിക ഫാമിലിയിൽ ഉൾപ്പെട്ട ഒരു ചെറിയ സസ്‌തനിയാണ് വാലില്ലാത്ത എലി. ടിബറ്റ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വിദൂര ദേശങ്ങളിലും നേപ്പാളിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഏകദേശം 17 സെന്‍റീമീറ്റർ നീളമുള്ള ഇവയ്ക്ക് കാഴ്‌ചയിൽ റോയൽ പികയോട് സാമ്യമുണ്ട്. അതിരാവിലെയും രാത്രിയിലുമാണ് ഇവ സജീവമാകാറുള്ളത്. വ്യത്യസ്‌ത തരം സസ്യങ്ങളാണ് ഇവയുടെ ഭക്ഷണം.
കേദർനാഥിന് മങ്ങലേൽപ്പിച്ച് തീർഥാടകരുടെ ഇടപെടൽ:ചാർധാം യാത്രയ്ക്ക് നിരവധി ഭക്തരാണ് ഈ ദിവസങ്ങളിൽ ഇവിടേക്ക് എത്തിച്ചേരുന്നത്. ഇവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുറവല്ല. മെയ് 6ന് കേദർനാഥ് ഭക്തർക്കായി തുറന്നുകൊടുത്തതിന് ശേഷം രണ്ട് ലക്ഷത്തിലധികം ഭക്തരാണ് ഇവിടെ ദർശനം നടത്തിയത്.
കേദർനാഥ് ധാമിനോട് ചേർന്ന് ഒഴുകുന്ന മന്ദാകിനി നദിക്കും വിനോദ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കനത്ത നാശം വിതക്കുകയാണ്. 2013ലുണ്ടായ കേദർനാഥ് ദുരന്തത്തിൽ ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. കേദർനാഥ് ധാമിൽ നിന്ന് 7 കിലോമീറ്റർ ഉയരത്തിലുള്ള വാസുകിതൽ തടാകത്തിലുണ്ടായ ഉരുൾപൊട്ടൽ വിതച്ച ദുരന്തത്തിൽ നിന്ന് പ്രദേശം ഇപ്പോഴും പൂർണമായും മുക്തമായിട്ടില്ല. ഹിമാലയൻ പ്രദേശങ്ങളിൽ മനുഷ്യ ഇടപെടൽ വർധിച്ചതായിരുന്നു ദുരന്തത്തിന്‍റെ പ്രധാന കാരണം.
പുല്ലുകൾ വളരാതെ പുൽമേടുകൾ: തീർഥാടകർ ഇവിടുത്തെ ബുഗ്യാലുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർദാക്ഷിണ്യം വലിച്ചെറിയുകയാണ്. ഇത് പുൽമേടുകളിലെ പുല്ലിന്‍റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പ്രദേശം തരിശായിക്കൊണ്ടിരിക്കുകയാണ്. തീർഥാടകരുടെ അവിവേകമായ ഇടപെടൽ മൂലം ധാമിന്‍റെ സൗന്ദര്യത്തിനും മങ്ങലേൽക്കുകയാണ്.
കേദർനാഥ് യാത്രയ്ക്ക് വരുന്ന തീർഥാടകർ ഭക്ഷണപാനീയങ്ങൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗുകൾ വലിച്ചെറിയുകയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ദേവ് രാഘവേന്ദ്ര ബദ്രി പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അഴുകാത്തതിനാൽ അവ വർഷങ്ങളോളം അവിടെ കിടക്കുന്നു. ഇത് പ്രദേശത്തെ പുല്ലിന്‍റെ വളർച്ചക്ക് തടസം സൃഷ്‌ടിക്കുന്നു. ഇങ്ങനെ പ്രദേശം തരിശായി മാറുന്നതിന് ഇടയാക്കുന്നു. പ്രദേശം തരിശാകുന്നത് ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നുവെന്നും ബദ്രി പറയുന്നു.