ന്യൂഡൽഹി:ആരോഗ്യകേന്ദ്രങ്ങളിലെ മോക് ഡ്രിൽ വിശകലനം ചെയ്‌ത് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സഫ്‌ദർജങ് ആശുപത്രിയിൽ നടത്തിയ മോക് ഡ്രിൽ മാണ്ഡവ്യ വിലയിരുത്തി. ആശുപത്രികൾ എത്രത്തോളം സജ്ജമാണെന്നറിയുന്നതിന് വേണ്ടിയാണ് ഈ മോക്ഡ്രിൽ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും കൊവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും കൊവിഡ് കേസുകളുടെ വർധനവിന് സാക്ഷ്യം വഹിച്ചേക്കാം. അതിനാൽ ഉപകരണങ്ങൾ, പ്രക്രിയകൾ, മനുഷ്യവിഭവശേഷി എന്നിവയുടെ കാര്യത്തിൽ മുഴുവൻ കൊവിഡ് പ്രതിരോധ ഇൻഫ്രാസ്‌ട്രക്‌ചറും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ആരോഗ്യമന്ത്രിമാർ അതത് സംസ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം അറിയിച്ചു. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.