ലഖ്‌നൗ : പച്ചക്കറി വില അടുത്തിടെ കുതിച്ചുയർന്നതിനാൽ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്. പ്രതിദിന ശമ്പളം കൊണ്ട് കുടുംബം നയിക്കുന്നവരെയുൾപ്പടെ വെട്ടിലാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പച്ചക്കറി വിപണിവില. ഇതിൽ ഏറ്റവും കൂടുതൽ വില ഉയർന്നത് തക്കാളിക്കായിരുന്നു. എന്നാൽ ഈ വിലക്കയറ്റത്തെ തന്നെ മറ്റൊരു കച്ചവടക്ക വിദ്യയാക്കി മാറ്റിയിരിക്കുകയാണ് ഉത്തർ പ്രദേശിലെ ഒരു മൊബൈൽ ഷോപ്പ് ഉടമ.
ഉത്തർ പ്രദേശിലെ ബാഗ്‌പത് ഗ്രാമത്തിലാണ് സംഭവം. ഇവിടെ മൊബൈൽ ഷോപ്പ് നടത്തുന്ന ഉപേന്ദ്ര കുമാർ എന്നയാളാണ് തന്‍റെ കടയിലേയ്‌ക്ക് ആളുകളെ ആകർഷിക്കാൻ തക്കാളി വില പ്രയോജനപ്പെടുത്തിയത്. പണപ്പെരുപ്പം കാരണം മൊബൈൽ വിൽപന മോശമായ സാഹചര്യത്തിൽ ഉപേന്ദ്ര സവിശേഷമായ ഓഫർ പ്രഖ്യാപിച്ചു. 'ഒരു മൊബൈൽ വാങ്ങുമ്പോൾ ഒരു കിലോ തക്കാളി സൗജന്യം'.
മൊബൈലിനൊപ്പം തക്കാളിയും വീട്ടിലെത്തും : വാഗ്‌ദാനം മാത്രമല്ല, കടയിലെത്തുന്ന ഉപഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുമുണ്ട്. തക്കാളിക്ക് വില കൂടിയ സാഹചര്യത്തിൽ സാധാരണക്കാരുടെ താത്‌പര്യം മുൻനിർത്തിയാണ് ഇത്തരം ഒരു ഓഫർ വച്ചതെന്ന് ഉപേന്ദ്ര പറയുന്നു. വില ഉയർന്ന സാഹചര്യത്തിൽ തക്കാളി വാങ്ങാൻ മടിക്കുന്നവർക്കും അതേസമയം മൊബൈൽ വാങ്ങാൻ താത്‌പര്യപ്പെട്ടിരിക്കുന്നവരെയും ഒരു പോലെ ആകർഷിക്കുന്നതാണ് ഈ ഓഫർ.
ഇത് കണ്ട് മാത്രം പലരും കടയിൽ മൊബൈൽ ഫോൺ വാങ്ങാൻ എത്തിയതായി ഉപഭോക്താക്കൾ തന്നെ പറയുന്നു. തക്കാളി ഇല്ലാതെയാണ് നിലവിൽ പച്ചക്കറി വാങ്ങുന്നതെന്നും മൊബൈൽ എവിടെ നിന്നെങ്കിലും വാങ്ങാമെന്നിരിക്കെ ഉപേന്ദ്രയുടെ കടയിൽ നിന്നും വാങ്ങിയാൽ ഒരു കിലോ തക്കാളി കൂടി വീട്ടിലേയ്‌ക്ക് പോരുമെന്നാണ് ഉപഭാക്താവിന്‍റെ പ്രതികരണം.