റാഞ്ചി: ഇന്ത്യയിലുടനീളമുള്ള പ്രോജക്‌ട് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവിധയിടങ്ങളിലെ വെയര്‍ ഹൗസുകളില്‍ നിന്നും മൂന്ന് കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. കമ്പനിയുടെ റാഞ്ചിയിലെ വെയര്‍ ഹൗസില്‍ നിന്നും 50 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് വെയര്‍ ഹൗസുകളില്‍ കവര്‍ച്ച നടന്നിട്ടുള്ളത്.
റാഞ്ചിയിലെത്തിയ അജ്ഞാത സംഘം വെയര്‍ ഹൗസ് കൊള്ളയടിച്ചതിനെ തുടര്‍ന്ന് മാനേജര്‍ മുഹമ്മദ് ജമീർ ബാരി ഖാൻ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റാഞ്ചിയിലെ പുണ്ടാഗ് ഒപി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.
ജൂലൈയിലെ തുടര്‍ച്ചയായ മോഷണം:ജൂലൈ 15ന് പൂനെയിലെ വെയര്‍ ഹൗസില്‍ നിന്നും 65 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ചയുണ്ടായതായി പൂനെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ജൂലൈ 26ന് കമ്പനിയുടെ ഭുവന്വേശറിലെ ഗോഡൗണില്‍ നിന്നും രണ്ട് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതിയുണ്ട്. ഗുവാഹത്തിയിലെ ഗോഡൗണിലും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ പുണ്ടാഗ് പൊലീസ് കണ്ടെത്തി.
ഗോഡൗണിലെ സിസിടിവി ക്യാമറ പ്രവര്‍ത്തന രഹിതം: മാനേജര്‍ മുഹമ്മദ് ജമീർ ബാരി ഖാന്‍റെ പരാതിയെ തുടര്‍ന്ന് ഗോഡൗണിലെത്തിയെ പുണ്ടാഗ് പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ഗോഡൗണിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് ഗോഡൗണിലെ ജീവനക്കാരുടെ മറുപടി. സിസിടിവി ക്യാമറകള്‍ കേടായിട്ട് എന്താണ് വേഗത്തില്‍ ശരിയാക്കാത്തതെന്ന ചോദ്യത്തിന് പൊലീസിന് തൃപ്‌തികരമായ മറുപടി ലഭിച്ചില്ല. ഗോഡൗണിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത് കൊണ്ട് സമീപ പ്രദേശങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തയിടങ്ങളിലെ പൊലീസിന്‍റെ സഹായം പുണ്ടാഗ് പൊലീസ് തേടിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പുണ്ടാഗ് ഒപി ഇന്‍ചാര്‍ജ് വിവേക് പറഞ്ഞു. അന്വേഷണത്തില്‍ കണ്ടെത്തുന്ന വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും വിവേക് പറഞ്ഞു.
ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. 8.5 കോടി രൂപയാണ് മോഷണം പോയത്. സംഭവത്തിന് പിന്നാലെ ധനകാര്യ സ്ഥാപനത്തിന്‍റെ ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്. കാറിലെത്തിയ സംഘം പണം കൊള്ളയടിക്കുകയായിരുന്നു. കവര്‍ച്ചയ്‌ക്ക് ശേഷം സംഘം വേഗത്തില്‍ കാറോടിച്ച് രക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസയില്‍ ഇടിച്ചിരുന്നു. ടോള്‍ പ്ലാസ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയതായി ലഭിച്ച മറ്റൊരു പരാതി പൊലീസിന് ലഭിച്ചിരുന്നു. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കവര്‍ച്ച സംഘത്തിന്‍റേതാണെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.