മൈസൂരു :കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മെഗാ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് മൊബൈൽ ഫോൺ എറിഞ്ഞ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. ആദ്യഘട്ടത്തിൽ ഇത് സുരക്ഷാവീഴ്ചയായാണ് വിലയിരുത്തിയതെങ്കിലും യാതൊരു ദുരുദ്ദേശ്യവുമില്ലാത്ത ഒരു ബിജെപി പ്രവർത്തക അമിതാവേശത്താല് ഫോൺ എറിയുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഫോൺ, വാഹനത്തിന്റെ ബോണറ്റിൽ പതിച്ചത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ആവേശ ചൂടിലാണ് കർണാടക. മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മൈസൂരുവിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിൽ റോഡ്ഷോ നടത്തിയിരുന്നു. മോദിക്ക് നേരെ എറിഞ്ഞ ഫോൺ ബിജെപി പ്രവർത്തകയുടേതാണെന്നും പ്രധാനമന്ത്രി മോദി എസ്പിജിയുടെ സംരക്ഷണയിലായിരുന്നുവെന്നും ക്രമസമാധാന ചുമതല വഹിച്ചിരുന്ന അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജിപി) അലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
'പ്രധാനമന്ത്രിയുടെ വാഹനത്തിന് മുകളിലേക്ക് ഫോൺ എറിഞ്ഞയാൾക്ക് ദുരുദ്ദേശ്യമില്ലായിരുന്നു, ആവേശത്തിൽ സംഭവിച്ചുപോയതാണ്. ഫോൺ ബിജെപി പ്രവർത്തകയുടേതാണ്. ആളെ കണ്ടെത്തുകയും ഫോൺ കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി എസ്പിജിയുടെ സംരക്ഷണത്തിലായിരുന്നു' - അലോക് കുമാർ പറഞ്ഞു. മൈസൂർ-കുടക് എംപി പ്രതാപ് സിംഹ, മുൻ മന്ത്രിമാരായ കെ എസ് ഈശ്വരപ്പ, എസ് എ രാമദാസ് എന്നിവരടങ്ങിയ വാഹനത്തിൽ മോദി റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ കൈവീശി കാണിക്കുമ്പോഴായിരുന്നു സംഭവം.