ന്യൂഡല്‍ഹി:ഉയര്‍ന്ന പലിശയ്‌ക്ക് ലോണ്‍ നല്‍കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത 22 അംഗ സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ലോണ്‍ ആപ്പ് വഴി ചൈനീസ് പൗരന്മാരുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം. ഹവാല ക്രിപ്റ്റോ കറന്‍സികളാക്കിയാണ് സംഘം പണം രാജ്യത്ത് നിന്നും കടത്തുന്നത്. രണ്ട് മാസത്തോളമായി തുടരുന്ന അന്വേഷണത്തിന് ഒടുവിലാണ് സംഘം പൊലീസിന്‍റെ പിടിയിലായത്.
മൊബൈല്‍ ആപ്പ് വഴിയാണ് സംഘം പണം നല്‍കുന്നത്. ഉയര്‍ന്ന പലിശയ്‌ക്ക് നല്‍കുന്ന പണം പലിശ സഹിതം തിരിച്ച് നല്‍കിയാലും വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്‍റെ രീതി. ഫോണിലെ ഫോട്ടോകള്‍ ചോര്‍ത്തുന്ന സംഘം നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചതായി പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (IFSO) ആണ് കേസ് അന്വേഷിച്ചത്.
ആപ്പിലാക്കാന്‍ നൂറോളം ആപ്പുകള്‍: 100 ഓളം ആപ്ലിക്കേഷനുകളാണ് ഇവര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത് എന്നാണ് വിവരം. ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്നും എല്ലാ തരത്തിലുള്ള പെര്‍മിഷനുകളും ഇവര്‍ സ്വന്തമാക്കിയ ശേഷമാണ് തട്ടിപ്പ്. ഇത്തരത്തില്‍ ലഭിക്കുന്ന പെര്‍മിഷനിലൂടെ വ്യക്തികളുടെ ഫോണിലെ കോണ്ടാക്‌റ്റ്, ചാറ്റ്, ഫോട്ടോകള്‍ തുടങ്ങിയവ ചോര്‍ത്തി ഹോങ്കോങ്ങിലെ സെര്‍വര്‍ വഴിയാണ് ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നയാള്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ പണം ലഭിക്കുകയും ചെയ്യും.