ദാവംഗരെ (കര്‍ണാടക): രാജ്യത്താദ്യമായി ഹീമോഫീലിയ രോഗബാധിതര്‍ക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുമായി കര്‍ണാടക. കര്‍ണാടക ഹീമോഫീലിയ സൊസൈറ്റിയും സൗത്ത് ദാവംഗരെയിലെ റോട്ടറി ഇന്‍റര്‍നാഷണലും സംയുക്തമായി ചേര്‍ന്നാണ് മൊബൈല്‍ സര്‍വീസ് യൂണിറ്റ് ആരംഭിക്കുന്നത്. ജനുവരി 14 മുതല്‍ ദാവംഗരെയിലെ 100 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ സര്‍വീസ് യൂണിറ്റിന്‍റെ സേവനം ലഭിക്കും.
ഹീമോഫീലിയ രോഗബാധ എത്രയും വേഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ആജീവനാന്ത രോഗാവസ്ഥ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു മെഡിക്കൽ ഓഫിസർ, പരിശീലനം ലഭിച്ച രണ്ട് ജീവനക്കാര്‍, ഒരു മെഡിക്കോ സോഷ്യൽ വർക്കർ എന്നിവർ മൊബൈൽ സേവന യൂണിറ്റിന്‍റെ ഭാഗമാകും.
ഒട്ടുമിക്ക ഹീമോഫീലിയ രോഗികളും ദാവംഗരെയിലുള്ള ഓഫിസിൽ ചികിത്സയ്ക്കായി വരാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സാമ്പത്തിക ഭദ്രതയുള്ള ഹീമോഫീലിയ രോഗികൾക്ക് മാത്രമേ വിലകൂടിയ ഇഞ്ചക്‌ഷനുകള്‍ വാങ്ങാനും വീടുകളിൽ സൂക്ഷിക്കാനും കഴിയൂ. ഇത് കണക്കിലെടുത്താണ് രോഗികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് കുത്തിവയ്പ്പ് നൽകുന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ജെജെഎം മെഡിക്കൽ കോളജിലെ പാത്തോളജി പ്രൊഫസറും കർണാടക ഹീമോഫീലിയ സൊസൈറ്റി (കെഎച്ച്എസ്) പ്രസിഡന്‍റുമായ സുരേഷ് ഹനഗവാടി പറഞ്ഞു.