ജയ്‌പൂര്‍: സച്ചിന്‍ പൈലറ്റ് ജാതി രാഷ്‌ട്രീയം കളിക്കുകയാണെന്ന ഗംഗാപൂര്‍ സിറ്റി എംഎല്‍എ രാംകേഷ് മീനയുടെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ. പൈലറ്റ് 36 സമുദായങ്ങളുടെ നേതാവാണെന്നും രാജസ്ഥാനിൽ സർക്കാർ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത് പൈലറ്റ് മൂലമാണെന്നും കോണ്‍ഗ്രസ് എംഎൽഎ മുറാരി ലാൽ മീന പറഞ്ഞു.
സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പൈലറ്റ് എല്ലാ വിഭാഗങ്ങളേയും ഒന്നിപ്പിച്ചു. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ ജാതിയിലുള്ളവരും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്‌തു. ഗുജ്ജര്‍ സംവരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഗുജ്ജാർ, മീന വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര കലഹം പരിഹരിച്ചത് പൈലറ്റാണെന്നും മുറാരി ലാൽ മീന പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിൽ ഇന്ന് നിലനിൽക്കുന്ന ഐക്യം സച്ചിൻ പൈലറ്റിന്‍റെ ശ്രമഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.