ഐസ്വാൾ: മിസോറാമിൽ ആദ്യമായി കൊവിഡിന്‍റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്‌തു. ഐസ്വാൾ സ്വദേശികളായ നാല് പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത്. 18നും 45നും ഇടയിൽ പ്രായം വരുന്നവരാണ് നാല് പേരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച നാലിൽ മൂന്ന് പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഒരാൾക്ക് രോഗം ബാധിച്ചത് എങ്ങനെയാണെന്ന് കണ്ടെത്തിയിട്ടില്ല. സമ്പർക്ക പട്ടികയിലുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായി അധികൃതർ പറഞ്ഞു.
Also Read:പൂര്‍ണമായും വാക്‌സിനെടുത്ത ക്രൂവുമായി ആദ്യ അന്താരാഷ്ട്ര സര്‍വീസ്; നേട്ടം കൈവരിച്ച് എയര്‍ ഇന്ത്യ
അതേസമയം, സംസ്ഥാനത്തെ കൊളാസിബ് സ്വദേശിയായ നാൽപ്പതുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 76 ആയി. ജൂൺ രണ്ടിനായിരുന്നു ഇയാളെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
302 പേർക്കാണ് വെള്ളിയാഴ്‌ച മിസോറാമിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,437 ആയി. 3,593 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 24 മണിക്കൂറിൽ 138 പേർ രോഗമുക്തരായി.