ഐസ്വാൾ : സംസ്ഥാനത്ത് താമസിക്കുന്ന മെയ്‌തി സമുദായത്തിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി മിസോറം സർക്കാർ. മണിപ്പൂർ കലാപത്തിന് പിന്നാലെ തെക്കൻ അസമിൽ നിന്നും മണിപ്പൂരിൽ നിന്നും വന്ന് താമസിക്കുന്ന മെയ്‌തി സമുദായക്കാർ മിസോറം വിട്ട് പോകണമെന്ന് തീവ്ര സ്വഭാവമുള്ള സംഘടന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ. മുൻ തീവ്രവാദ സംഘടനയായ പീസ് അക്കോർഡ് എം എൻ എഫ് റിട്ടേണീസ് അസോസിയേഷൻ (PAMRA) വെള്ളിയാഴ്‌ച (21.7.23) എല്ലാ മെയ്‌തി സമുദായക്കാരും അവരുടെ സ്വന്തം സുരക്ഷയ്‌ക്കായി മിസോറം വിടണമെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നു.
'മെയ്‌തികൾ നാട് വിടണം' :മണിപ്പൂരിൽ കുക്കി സമുദായത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി പൊതുമധ്യത്തിൽ നടത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മിസോറാമിലെ യുവജനങ്ങൾക്കിടയിൽ ഉണ്ടായ രോഷമാണ് നിർദേശത്തിന് പിന്നിലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുകയും ചെയ്‌തു. 'മിസോറാമിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. മണിപ്പൂരിൽ നിന്നുള്ള മെയ്‌തി ആളുകൾക്ക് മിസോറാമിൽ താമസിക്കുന്നത് സുരക്ഷിതമല്ല. അതിനാൽ, സുരക്ഷ നടപടിയെന്ന നിലയിൽ മിസോറാമിലെ എല്ലാ മെയ്‌തി ജനങ്ങളോടും സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാൻ അഭ്യർഥിക്കുന്നു.' - എന്നായിരുന്നു അസോസിയേഷൻ അറിയിച്ചത്.
ഇതോടെ മെയ്‌തി സമുദായക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മിസോറം സർക്കാർ മുന്നോട്ട് വന്നു. തുടർന്ന് ശനിയാഴ്‌ച സംസ്ഥാന ആഭ്യന്തര സെക്രട്ടറി എച്ച് ലാലെങ്‌മാവി മെയ്‌തി സമുദായത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും അവരുടെ സമാധാനവും സുരക്ഷയും ഉറപ്പ് നൽകുകയും സംസ്ഥാനത്ത് നിന്ന് പോകേണ്ടതില്ലെന്ന് അറിയിക്കുകയും ചെയ്‌തു. മിസോറമിലെ മിസോകളും മണിപ്പൂരിലെ കുക്കി - സോമികളും തമ്മിൽ വംശീയ ബന്ധം നിലനിൽക്കുന്നുണ്ട്.