കൊറിയർ സ്ഥാപനത്തിൽ മിക്‌സി പൊട്ടിത്തെറിച്ചു ഹാസൻ (കർണാടക):കൊറിയർ സർവീസ് നടത്തുന്ന സ്ഥാപനത്തിൽ മിക്‌സി പൊട്ടിത്തെറിച്ചു. കൊറിയറായി എത്തിയ മിക്‌സിയാണ് പൊട്ടിത്തെറിച്ചത്. സ്ഥാപന ഉടമയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെആർ പുരം നഗറിലെ ഡിടിഡിസി കൊറിയർ ഓഫിസിൽ ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം.
കൊറിയറിലെത്തിയ മിക്‌സി സ്ഥാപനത്തിൽവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിക്കിടെ മികസി ബ്ലേഡ് കൊണ്ട് സ്ഥാപന ഉടമയായ ശശിയുടെ വലതുകൈയിലെ അഞ്ച് വിരലുകൾ നഷ്‌ടമായി. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് എസ്‌പി ഹരിറാം പറഞ്ഞു.
രണ്ട് ദിവസം മുൻപ് ഡിടിഡിസി കൊറിയർ സർവീസിൽ പാഴ്‌സലായി എത്തിയ മിക്‌സി നഗരത്തിലുള്ള ഒരാൾക്ക് എത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാൾ മികസി തിരികെ നൽകി. അയച്ചത് ശരിയായ വിലാസത്തിലല്ലെന്നാരോപിച്ചാണ് മിക്‌സി തിരികെ നൽകിയത്.
ഇതിന് ശേഷമാണ് സ്ഥാപനത്തിൽ വച്ച് മിക്‌സി പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടനത്തിൽ സ്ഥാപനത്തിലെ പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.
മൈസൂരിൽ നിന്ന് എഫ്എസ്എൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സംഘം എത്തി സംഭവ സ്ഥലം പരിശോധിക്കും. എഫ്എസ്എൽ നൽകുന്ന ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്നും എസ്‌പി അറിയിച്ചു. മംഗലാപുരം കുക്കർ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവും നടന്നത്. ഇത് പല സംശയങ്ങൾക്കും വഴിവച്ചിട്ടുണ്ട്.