ഹൈദരാബാദ്: ഡീപ്‌ഫേക്കുകളും എ ഐ നൽകുന്ന തെറ്റായ വിവരങ്ങളും സംബന്ധിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ ഐടി നിയമങ്ങൾ കൃത്യമായി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അടുത്ത 7 ദിവസത്തിനുള്ളിൽ തന്നെ പ്രശ്‌ന പരിഹാരത്തിനായി കർശന ഐടി നിയമങ്ങൾ വിജ്ഞാപനം ചെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു (Expect Tighter IT Rules In 7 Days). ഡീപ്‌ഫേക്ക് സംബന്ധിച്ചുള്ള നിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികളുണ്ടാകുമെന്ന് സർക്കാർ സോഷ്യൽ മീഡിയകളോടും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോടും നേരത്തെ തന്നെ അറിയിച്ചിരുന്നു.
അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ നടപ്പാക്കുമെന്നും ഐടി, ഇലക്‌ട്രോണിക്‌സ് സഹമന്ത്രി ചന്ദ്രശേഖർ പറഞ്ഞു.
ദേശീയ സ്റ്റാർട്ടപ്പ് ദിനം പ്രമാണിച്ച് ചൊവ്വാഴ്ച അദ്ദേഹം നോയിഡയിലെ ബോട്ട് നിർമ്മാണ യൂണിറ്റ് സന്ദർശിക്കുകയും അവിടെയുള്ള ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തിരുന്നു. കൂടാതെ സഹസ്ഥാപകനായ അമൻ ഗുപ്‌തയുമായും അദ്ദേഹം ചർച്ച നടത്തി.
അതേസയം രാജ്യത്തുടനീളം നിരവധി പേരാണ് ഡീപ് ഫെയ്‌ക്ക് ടെക്‌നോളജിയുടെ ഇരയായത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ നീളുന്നു ഡീപ്പ് ഫേക്ക് ഇരകളുടെ പട്ടിക. സമീപകാലത്ത് ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കജോള്‍, ആലിയ ഭട്ട്, രശ്‌മിക മന്ദാന, തുടങ്ങിയവരുടെ ഡീപ് ഫെയ്‌ക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിചിരുന്നു. മറ്റ് സ്‌ത്രീകളുടെ വീഡിയോയില്‍ താരങ്ങളുടെ മുഖം മോര്‍ഫ് ചെയ്‌ത് ചേര്‍ത്തുളള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ഒടുവിലായി നടി രശ്‌മിക മന്ദാനയുടേതായി പ്രചരിച്ച വീഡിയോയ്‌ക്ക് പിന്നാലെയാണ് ഡീപ് ഫെയ്‌ക്ക് വീഡിയോകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. രശ്‌മിക ലിഫ്‌റ്റില്‍ കയറുന്ന തരത്തിലുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ സിനിമ താരങ്ങളും നെറ്റിസണ്‍സും രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ നടന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുളളവര്‍ ഇത് ചെയ്‌തവര്‍ക്കെതിരെ ശക്‌തമായ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്‍റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്‌ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ഇപ്പോൾ നിയമങ്ങൾ കടുപ്പിക്കാൻ ഐ ടി വകുപ്പ് നിയമ ഭേതഗതിയ്ക്ക് ഒരുങ്ങുന്നത്. ഇത് നടപ്പാക്കുന്നതിലൂടെ ഒരു പരിധിവരെ നിയമലംഘനം തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Also Read: രശ്‌മിക മന്ദാനയുടെ ഡീപ്പ് ഫെയ്‌ക്ക് വീഡിയോ : നാലുപേരെ ചോദ്യം ചെയ്‌ത് അന്വേഷണസംഘം