മുംബൈ:ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന-താഴ്‌ന്ന പരിധി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം വിമാന ടിക്കറ്റ് വിലയില്‍ ദൃശ്യമാകുന്നത് സമ്മിശ്രമായ പ്രവണതകളാണെന്ന് വിദഗ്‌ധര്‍. പരിധി എടുത്ത് കളഞ്ഞത് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
കൊവിഡ് കാലത്താണ് കേന്ദ്ര സര്‍ക്കാര്‍ വിമാന ടിക്കറ്റ് നിരക്കില്‍ ഉയര്‍ന്ന-താഴ്‌ന്ന പരിധി കൊണ്ടുവന്നത്. ഇത് പ്രകാരം വിമാന കമ്പനികള്‍ക്ക് ഒരു പ്രത്യേക റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒരു നിശ്ചിത പരിധിയില്‍ കൂടുതലോ കുറവോ ഈടാക്കാന്‍ സാധിക്കില്ല.
പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിധി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 31 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര വ്യോമയാന മേഖല തിരിച്ചുവരവിന്‍റെ പാതയിലായതിനെ തുടര്‍ന്നാണ് പരിധി എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
യാത്രക്കാരുടെ ലോഡ് കുറഞ്ഞ റൂട്ടില്‍ വില കുറഞ്ഞു:താരതമ്യേന കുറഞ്ഞ യാത്രക്കാരുള്ള റൂട്ടുകളില്‍ വിമാന ടിക്കറ്റ് വില കുറയുകയാണ് പരിധി എടുത്ത് കളഞ്ഞത് പ്രാബല്യത്തിലായതിന് ശേഷം സംഭവിച്ചതെന്ന് ട്രാവല്‍ വ്യവസായ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളുടെ ശരാശരിയില്‍ മാറ്റമുണ്ടായിട്ടില്ല. ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതാണ് ഇതിന് കാരണം.
ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ പരിധി എടുത്ത് കളഞ്ഞത് നല്ലതാണ് എന്ന അഭിപ്രായമാണ് പങ്കുവച്ചത്. പരിധി എടുത്ത് കളഞ്ഞത് ടിക്കറ്റ് വില നിശ്ചയിക്കലില്‍ ചടുലത കൊണ്ടുവരാന്‍ അവസരം നല്‍കി. കഴിഞ്ഞ അഞ്ച്-ആറ് മാസങ്ങളില്‍ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം പരിധികള്‍ എടുത്ത് കളഞ്ഞതിന് ശേഷം വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ മാറ്റത്തെ സംബന്ധിച്ച വിശദാംശം നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല.
വിനോദ സഞ്ചാര ഇടങ്ങളിലേക്ക് ടിക്കറ്റ് വില ഉയര്‍ന്നു: യാത്രക്കാര്‍ താരതമ്യേന കുറഞ്ഞ റൂട്ടുകളായ അമൃത്‌സര്‍, ലക്‌നൗ, ഡെറാഡൂണ്‍, സൂറത്ത്, നാഗ്‌പൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഓഗസ്റ്റ് 31 മുതല്‍ കുറവ് വന്നിട്ടുണ്ടെന്ന് ഗ്ലോബല്‍ ബിസിനസ് ട്രാവലിന്‍റെ പ്രസിഡന്‍റ് ഇന്ദീവര്‍ റസ്‌തോഗി പറഞ്ഞു. ഈ റൂട്ടുകളിലേക്കുള്ള നിരക്കില്‍ എട്ട് മുതല്‍ പത്ത് ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം മുംബൈ, പൂനെ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരക്ക് ഓഗസ്റ്റ് 31 മുതല്‍ വര്‍ധിച്ചിട്ടുണ്ട്. ആന്‍ഡമാനിലേക്ക് 20-25 ശതമാനം, ഗോവയിലേക്ക് 15-20 ശതമാനം, കേരളത്തിലേക്ക് 5 ശതമാനം, കശ്‌മീരിലേക്ക് 10-15 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവെന്ന് റസ്‌തോഗി വ്യക്തമാക്കി.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു: പരിധികള്‍ എടുത്ത് കളഞ്ഞത് ഏത് വിധത്തിലാണ് വിമാന ടിക്കറ്റ് നിരക്കുകളെ ബാധിക്കുകയെന്ന് ഈ ചെറിയ കാലയളവിനുള്ളില്‍ പറയാന്‍ സാധിക്കില്ലെന്ന് പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ക്ലിയര്‍ട്രിപ്പിന്‍റെ സ്ട്രാറ്റജി മേധാവി കാര്‍ത്തിക് പ്രഭു പറഞ്ഞു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ആദ്യത്തെ പതിനഞ്ച് ദിവസങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ ആഭ്യന്തര വിമാന ടിക്കറ്റ് ബുക്കിങ് സെപ്റ്റംബറില്‍ 21 ശതമാനം വര്‍ധിച്ചതായി കാണാമെന്ന് കാര്‍ത്തിക് പ്രഭു വ്യക്തമാക്കി. ബുക്ക് ചെയ്യപ്പെട്ട സെഗ്‌മെന്‍റുകളുടെ എണ്ണത്തിലും ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ 21 ശതമാനത്തിന്‍റെ വര്‍ധനവ് ഉണ്ടായി. ഉത്സവ സീസണുകളിലെ ടിക്കറ്റ് നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലെ ഉയർന്ന-താഴ്‌ന്ന പരിധി എടുത്ത് കളയുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചത്. വിമാന ഇന്ധന വിലയും ടിക്കറ്റ് ബുക്കിങ്ങുകളിലെ പ്രവണതകളും പരിശോധിച്ചാണ് തീരുമാനമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വിമാന യാത്രക്കാരുടെ പാരമ്യം ഉണ്ടാവുന്ന ഡിസംബറില്‍ വിനോദസഞ്ചാര മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 20-40 ശതമാനമാണ് വര്‍ധനവ്. എന്നാല്‍ ബിസിനസ് റൂട്ടുകളിലേക്ക് 18-30 ശതമാനം വര്‍ധനവാണ് സംഭവിക്കുന്നത്.
എയര്‍ലൈനുകളുടെ താങ്ങല്‍ ശേഷിയുമായി ബന്ധപ്പെട്ട പരിമിതികളും (Capacity Constraints) എടിഎഫ് വില വര്‍ധനവും ഉണ്ടായിട്ടുപോലും ഇത്രയും വര്‍ധനവ് മാത്രമെ വിമാന നിരക്കില്‍ ഉണ്ടായിട്ടുള്ളൂവെന്ന് ഇന്ദീവര്‍ റസ്‌തോഗി ചൂണ്ടിക്കാട്ടി. 1.01 കോടി പേരാണ് രാജ്യത്ത് ഓഗസ്റ്റില്‍ ആഭ്യന്തര വിമാനയാത്ര ചെയ്‌തത്. ജൂലായ് മാസത്തിലെ യാത്രക്കാരേക്കാള്‍ നാല് ശതമാനം വര്‍ധനവാണിത്.