ഹൈദരാബാദ്: ഭയപ്പെടുത്തിയില്ല ഭരണ നിര്‍വഹണം നടത്തേണ്ടത്. ജനങ്ങളുടെ ശബ്‌ദം തടയപ്പെടുന്നതെന്തോ അത് ജനാധിപത്യമല്ല. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തെ അധികാരികള്‍ അവരോട് വിയോജിക്കുന്നവരുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം അംഗീകരിക്കണം. സര്‍ക്കാര്‍ നയങ്ങളിലെ പാളിച്ചകള്‍ ഭയരഹിതമായി ചൂണ്ടികാട്ടാനുള്ള സാഹചര്യം സൃഷ്‌ടിക്കേണ്ട ഉത്തരവാദിത്വം ഭരണകര്‍ത്താക്കളുടേതാണ്.
ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനുമുള്ള വ്യവസ്ഥാപിത സംവിധാനങ്ങളും ഒരു പുരോഗമന ജനാധിപത്യ രാജ്യത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യങ്ങളാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ തിളങ്ങി നില്‍ക്കുന്നത് ഭരണം കൈയാളുന്ന നേതാക്കളുടെ പ്രസംഗങ്ങളിലും അച്ചടിച്ച പുസ്‌തക താളുകളിലും മാത്രമാണ്. ഇതിന് വിരുദ്ധമാണ് ജനങ്ങളുടെ അനുഭവം .
ജനാധിപത്യം ചവറ്റുകൂനയില്‍: യുഎപിഎ നിയമം വ്യാപക ദുരുപയോഗം അധികാരികളുടെ ജനാധിപത്യ ധ്വംസനങ്ങളുടെ നേര്‍ സാക്ഷ്യങ്ങളാണ്. എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാന്‍ വര്‍ത്തമാന കാലത്ത് അധികാരികള്‍ യുഎപിഎ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്‍റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ നടത്തുന്ന പ്രതിഷേധങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് സര്‍ക്കാര്‍ മായ്‌ച്ചുകളയുകയാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. എതിര്‍ സ്വരങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കുള്ള മൂക്ക് കയര്‍ കൂടുതല്‍ മുറുക്കുന്ന സാഹചര്യത്തെയാണ് ഈ നീരിക്ഷണത്തിലൂടെ കോടതി ഉയര്‍ത്തിക്കാട്ടിയത്.
രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കണക്കുപ്രകാരം 4,690 പേരെയാണ് 2018 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ യുഎപിഎ ചുമത്തി രാജ്യത്താകമാനം അറസ്റ്റ് ചെയ്യത്. എന്നാല്‍ ഇതില്‍ ശിക്ഷിക്കപ്പെട്ടത് 149 പേര്‍ മാത്രമാണ്. 2014 മുതല്‍ 10,552 പേരാണ് യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്യപ്പെട്ടത്. ഭരണത്തിലിരിക്കുന്ന രാഷ്‌ട്രീയ നേതൃത്വവും അന്വേഷണ ഏജന്‍സികളും ഒരുമിച്ച് എങ്ങനെ മനുഷ്യവകാശങ്ങള്‍ ലംഘിക്കുന്നു എന്നതിന്‍റെ ചൂണ്ടുപലകയാണ് ഈ കണക്കുകള്‍.
ജയിലറയിലാകുന്ന യൗവ്വനം: തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ച് 1996ല്‍ മുഹമ്മദ് അലി ബട്ട്, ലത്തീഫ് അഹമ്മദ് വജ, മിര്‍സ നിസാര്‍ ഹുസൈന്‍ എന്നീ യുവാക്കള്‍ 1996 ല്‍ അറസ്‌റ്റ് ചെയ്യപ്പെടുന്നു. എന്നാല്‍ മൂന്ന് പേരും കുറ്റ വിമുക്തരാക്കപ്പെട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതരാകുന്നു. എന്നാല്‍ യൗവനം മുഴുവന്‍ ജയിലറകളില്‍ കഴിയേണ്ടി വന്ന വര്‍ഷങ്ങള്‍ക്ക് ഇവര്‍ക്ക് മടക്കി നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? നിരപരാധികളെ പീഡിപ്പിക്കലാണോ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം കൊണ്ട് അര്‍ത്ഥമാക്കുന്നത്?
കശ്‌മീരില്‍ നിന്നുള്ള ഐജാസ് ബാബയെ യുഎപിഎ വകുപ്പുകള്‍ ചുമത്തി ഗുജറാത്ത് പൊലീസ് 2010ല്‍ അറസ്റ്റ് ചെയ്‌തു. 11 വര്‍ഷത്തെ തടവിന് ശേഷം ഗുജറാത്തിലെ പ്രാദേശിക കോടതി വിധിയില്‍ കേസില്‍ ഐജാസിന്‍റെ പങ്ക് തെളിക്കുന്നതിനുള്ള യാതൊരു തെളിവുമില്ല എന്നാണ് രേഖപ്പെടുത്തിയത്. അങ്ങനെ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുന്നു. വൈകാരികമായ കാര്യങ്ങളില്‍ ഊന്നിയുള്ള വാദങ്ങള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ചതെന്നാണ് കോടതി പറഞ്ഞത്.
മുഹമ്മദ് ഇല്ലിയാസിനേയും ഇര്‍ഫാനേയും മഹാരാഷ്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത് 2012ലാണ്. രാഷ്‌ട്രീയ നേതാക്കളേയും, പൊലീസ് ഉദ്യോഗസ്ഥരേയും, മാധ്യമപ്രവര്‍ത്തകരേയും വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു ഇവര്‍ക്കെതിരായ കേസ്. യുഎപിഎ വകുപ്പുകള്‍ ചുമത്തപ്പെട്ട ഈ കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. എന്നാല്‍ പ്രത്യേക എന്‍ഐഎ കോടതി ഇവരെ കുറ്റ വിമുക്തമാക്കുകയായിരുന്നു.
കുറ്റവിമുക്തമാക്കിയതിന് ശേഷം ഇവര്‍ കണ്ണീരോടെ പ്രതികരിച്ചത് തങ്ങളുടെ 9 വര്‍ഷങ്ങള്‍ നഷ്‌ടപ്പെട്ടു എന്നാണ്. അവരുടെ കണ്ണീരിന് മറുപടി പറയാന്‍ ആര്‍ക്കാണ് സാധിക്കുക? യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്യപ്പെടുന്നവരില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ 18 നും 30 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്.