പശ്ചിമ ബംഗാള്‍ :വന്ദേ ഭാരത് സെമി ഹൈസ്‌പീഡ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. സിലിഗുരിയില്‍വച്ചാണ് സംഭവം. വെള്ളിയാഴ്‌ച വൈകിട്ട് 4.25ന് ദൽഖോല, ഡെൽറ്റ സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ സഞ്ചരിക്കവേയാണ് കല്ലേറുണ്ടായത്.
C06 കമ്പാർട്ടുമെന്‍റിലെ 70ാം നമ്പര്‍ സീറ്റിലെ യാത്രികനാണ് പരാതിയുമായെത്തിയത്. ട്രെയിന്‍ ദല്‍ഖോല, ഡെല്‍റ്റ സ്റ്റേഷനുകള്‍ക്കിടയില്‍ സഞ്ചരിക്കവേ പുറത്തുന്ന് കല്ലേറുണ്ടായെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണത്തിനായി ദൽഖോല ആർപിഎഫിലും ബൽറാംപൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. മാൾഡ ജിആർപിയിലെ ഒരു സബ് ഇൻസ്പെക്‌ടർ, നാല് കോൺസ്റ്റബിൾമാർ, സബ് ഇൻസ്പെക്‌ടർ റാങ്കിലുള്ള ഒരു ആർപിഎഫ് ഉദ്യോഗസ്ഥന്‍, നാല് കോൺസ്റ്റബിൾമാർ എന്നിവരാണ് വെള്ളിയാഴ്‌ച ട്രെയിനില്‍ ജോലിയിലുണ്ടായിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സബ്യസാചി ഡേ പറഞ്ഞു.
കല്ലേറുണ്ടായെന്ന് പറയുന്ന സമയത്ത് ട്രെയിന്‍ ഏത് സ്റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തിയ ശേഷം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ലോക്കല്‍ പൊലീസിന്‍റെ സഹായം തേടുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് അഞ്ചാം തവണയാണ് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ മാൾഡ, ബോൾപൂർ, ബിഹാർ എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. നേരത്തെയുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ആർപിഎഫും ജിആർപിയും സുരക്ഷ ശക്തമാക്കിയിരുന്നു.