ലഖ്‌നൗ : വിലകൂടിയ ആഭരണങ്ങളും വസ്‌തുക്കളും വാഹനങ്ങളും മോഷ്‌ടാക്കള്‍ അപഹരിക്കുന്നത് പതിവ് വാര്‍ത്തയാണ്. ഒരു പ്രത്യേക സന്തോഷം കണ്ടെത്തുന്നതിനായി വില കൂടിയ വസ്‌തുക്കളും മൃഗങ്ങളെയും മോഷ്‌ടിച്ച വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ മോഷണമാണ് ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയത്. ആഡംബര കാറിലെത്തി മോഷ്‌ടാക്കള്‍ ആടുമായി കടന്നുകളയുകയായിരുന്നു.
സംഭവം ഇങ്ങനെ :ലഖ്‌നൗവിലെ ഗോതമി നഗര്‍ മേഖലയില്‍ വ്യാഴാഴ്‌ചയാണ് സംഭവം. റോഡിന്‍റെ ഒരുവശത്ത് ആഡംബര കാര്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്നതായി കാണാം. ഇതിനടുത്തായി ഒരു ആട് ചുറ്റിത്തിരിയുന്നതും കാണാം. അങ്ങേട്ടും ഇങ്ങോട്ടും നടക്കുന്ന ആട് ഒരു തവണ കാറിന് അടുത്തേക്കെത്തിയപ്പോള്‍ ഡോര്‍ തുറക്കുകയും അകത്തിരുന്ന ആളുകള്‍ ആടിനെ അകത്തേക്ക് വലിച്ചിഴച്ച് അതിവേഗത്തില്‍ വാഹനമെടുത്ത് സ്ഥലം വിടുകയുമായിരുന്നു. മോഷ്‌ടാക്കള്‍ ആഡംബര കാറിലെത്തി ആടിനെ 'തട്ടിയെടുത്ത്' പോകുന്ന ഈ രംഗം സമീപത്തെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുമുണ്ട്.
സംഭവത്തെക്കുറിച്ച് ആടിന്‍റെ ഉടമസ്ഥന്‍ ആരിഫ് പറയുന്നത് ഇങ്ങനെ :കഴിഞ്ഞദിവസം (15-06-2023) ഉച്ചയോടെ കുറച്ച് ചെറുപ്പക്കാര്‍ കാറിലെത്തി. ഇവര്‍ ഞാന്‍ ആടിനെ മേയാന്‍ വിട്ടതിന് അടുത്തായി വാഹനം നിര്‍ത്തിയിട്ടു. തുടര്‍ന്ന് ഇവര്‍ പുറത്തേക്ക് നോക്കുന്നതെല്ലാം കണ്ടിരുന്നു. ഈ സമയത്ത് ആ പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. പെട്ടെന്നുതന്നെ ഇവര്‍ കാറിന്‍റെ വാതില്‍ തുറന്ന് ആടിനെ അകത്തേക്ക് വലിച്ചുകയറ്റി വേഗത്തില്‍ വാഹനവുമായി അവിടം വിടുകയായിരുന്നു. ഇത് കണ്ടുനിന്ന താന്‍ അമ്പരന്നുപോയെന്നും അവര്‍ എന്തിനാണ് അങ്ങനെ ചെയ്‌തതെന്ന് തനിക്ക് അറിയില്ലെന്നും ആരിഫ് വ്യക്തമാക്കി. അതേസമയം ഇയാളുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.