ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. ബ്രിജ് ഭൂഷണെതിരെയുള്ള ലൈംഗികാതിക്രമത്തെ തുടര്‍ന്ന് പൊലീസില്‍ തങ്ങള്‍ നല്‍കിയത് വ്യാജ പരാതിയാണെന്ന് പ്രായപൂര്‍ത്തിയാകാത്ത ഗുസ്‌തി താരത്തിന്‍റെ പിതാവ് പറഞ്ഞു. ബ്രിജ് ഭൂഷണെതിരെ പ്രതികാരം ചെയ്യുവാനുള്ള ഗുസ്‌തി താരങ്ങളുടെ ആഗ്രഹത്തെ തുടര്‍ന്നായിരുന്നു ഇത്തരമൊരു ആരോപണം ഉന്നയിക്കുവാന്‍ കാരണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തോളമായി ലൈംഗികാതിക്രമം ആരോപിച്ച് ഗുസ്‌തി താരങ്ങളില്‍ നിന്ന് തുടര്‍ച്ചയായ പ്രതിഷേധം നേരിട്ട റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന് പുതിയ മൊഴി മാറ്റം ഏറെ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. പ്രായപൂര്‍ത്തിയാകാത്ത ഗുസ്‌തി താരം നല്‍കിയ പരാതിയെ തുടര്‍ന്ന് ബ്രിജ്ഭൂഷണെതിരെ പോക്‌സോ വകുപ്പ് പ്രകാരമുള്ള അന്വേഷണങ്ങളും ആരംഭിച്ചിരുന്നു. കോടതിയില്‍ പറയുന്നതിനെക്കാള്‍, സത്യം ഇപ്പോള്‍ പുറത്തുവരുന്നതാണ് നല്ലതെന്ന് മൊഴിമാറ്റുവാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
മൊഴിമാറ്റുവാനുള്ള കാരണത്തെക്കുറിച്ച് പിതാവ്: കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സിലെ തന്‍റെ മകളുടെ തോല്‍വിയില്‍ ന്യായമായ അന്വേഷണം സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അതിനാല്‍ തന്‍റെ തെറ്റ് തിരുത്തേണ്ടത് തന്‍റെ കടമയാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 2022ല്‍ ലക്‌നൗവില്‍ നടന്ന അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സ് മുതലാണ് സിങിനോടുള്ള വിരോധത്തിന്‍റെ തുടക്കമെന്ന് പെണ്‍കുട്ടിയുടെ പിതാവ് വിശദമാക്കി.