കലിയഗഞ്ച്: പശ്ചിമ ബംഗാളിലെ കലിയഗഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് അനാസ്ഥ സംഭവിച്ചെന്ന് കുടുംബം. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിടുക്കപ്പെട്ട് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. ഇതിനായി മൃതദേഹം വലിച്ചിഴച്ച് ആംബുലൻസിൽ കയറ്റിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഒന്നടങ്കം റോഡ് ഉപരോധിച്ചു. എന്നാൽ, നാട്ടുകാരുടെ ആരോപണം വസ്‌തുതാവിരുദ്ധമാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകളും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായാണ് മൃതദേഹം പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറ്റേണ്ടി വന്നത്. കൂടാതെ, മൃതദേഹം വലിച്ചിഴച്ചല്ല ആംബുലൻസിൽ കയറ്റിയതെന്നും വിഷയത്തിൽ പ്രതികരിച്ച് റായ്‌ഗഞ്ച് എസ്‌പി സന്ന അക്തർ പറഞ്ഞു.
പോസ്റ്റുമോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ലൈംഗികാതിക്രമത്തെ തുടർന്ന് മുറിവേറ്റിട്ടുണ്ടോ എന്ന വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഡോക്‌ടർമാരുമായി ബന്ധപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിൽ പൊലീസിന്‍റെ അനാസ്ഥ തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് എസ്‌പി വ്യക്തമാക്കി.
ഏപ്രില്‍ 20ാം തിയതി ഉച്ചയോടെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് വെള്ളിയാഴ്‌ച വീടിന് പിന്നിലെ വാഴത്തോട്ടത്താൽ ചുറ്റപ്പെട്ട കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മകളെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് പിടികൂടി. എന്നാൽ ഇയാൾക്ക് ഈ കുറ്റകൃത്യം ഒറ്റയ്‌ക്ക് ചെയ്യാൻ കഴിയില്ലെന്നും കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.