ഗയ (ബിഹാര്‍): മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ബിഹാറിലെ ഗയയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
സംഭവം ഇങ്ങനെ:മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഗയ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഇവിടെ വച്ച് ഒരു സ്‌ത്രീ പെണ്‍കുട്ടിയുടെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സഹായം വാഗ്‌ദാനം ചെയ്‌ത സ്‌ത്രീ പെണ്‍കുട്ടിയെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ബോധ് ഗയയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ വച്ച് പെണ്‍കുട്ടിയെ സ്‌ത്രീ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൈമാറി. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടിയെ ബനാറസിലേക്ക് കൊണ്ടുപോകാനായി ഓട്ടോഡ്രൈവര്‍ ഗയ റെയില്‍വേ സ്റ്റേഷനിലെത്തി.
റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി ആളുകളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് ബോധ് ഗയയിലെ രാജാപൂരില്‍ നിന്ന് നാലുപേരെ അറസ്റ്റ് ചെയ്‌തു. രാജ കുമാര്‍, ശുഭം കുമാര്‍, ഹര്‍ഷിത് കുമാര്‍, ദീപക് എന്ന സഹീര്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ സഹായം വാഗ്‌ദാനം ചെയ്‌ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോയി ഓട്ടോഡ്രൈവര്‍ക്ക് കൈമാറിയ സ്‌ത്രീക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും ശേഷിക്കുന്നവരെയും ഉടന്‍ പിടികൂടി പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുമെന്നും ഗയ എസ്‌പി ആശിഷ് ഭാരതി അറിയിച്ചു.
28 കാരിയെ 12 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു: കഴിഞ്ഞ ദിവസം ആണ്‍സുഹൃത്തിനൊപ്പം യാത്ര പോയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഞായറാഴ്‌ച (ജൂലൈ 23) ജാർഖണ്ഡിലെ പാകൂർ ജില്ലയിലാണ് സംഭവം. 28 കാരിയായ യുവതിയെ 12 പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
പാകൂർ ജില്ലയിലെ ഹേഷ്‌പൂർ ബ്ലോക്ക് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ആൺസുഹൃത്തിനൊപ്പം ഒഴിവുസമയം ചെലവഴിക്കാനായി അംഡപാഡയിലേക്ക് പോയപ്പോഴായിരുന്നു ദാരുണ സംഭവം. ജൂലൈ 23 ന് രാത്രി ഇവര്‍ പ്രദേശത്ത് കൂടി സഞ്ചരിക്കുന്ന സമയത്താണ് ആക്രമണത്തിന് ഇരയായത്. ഒരു കൂട്ടം ആളുകള്‍ ബലമായി പിടിച്ച് യുവതിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സംഘം കടന്നുകളഞ്ഞു.
ആക്രമണത്തിൽ മാനസികമായും ശാരീരികമായും തളർന്ന യുവതി അംഡപാഡ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിവരം ലഭിച്ചയുടന്‍ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ അജിത് കുമാർ വിമൽ യുവതിക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കി. സ്‌ത്രീകളുടെ അവകാശത്തിനായി പോരാടുന്ന വിവിധ സംഘടനകളും പൊതുജനങ്ങളും സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുകയും അതിജീവിതയ്‌ക്ക് വേഗത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌ത് പ്രതിഷേധിച്ചിരുന്നു.
സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പൊലീസ്, കുറ്റവാളികളെ പിടികൂടുന്നതിൽ യാതൊരുവിധ വീട്ടുവീഴ്‌ചയും വരുത്തില്ലെന്ന് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഫൊറൻസിക് തെളിവുകൾ ശേഖരിക്കൽ, കുറ്റകൃത്യത്തിന് സാക്ഷികളാകാൻ സാധ്യതയുള്ളവരുടെ മൊഴി ശേഖരിക്കല്‍ എന്നിവയടയ്‌ക്കമുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.