കേരളം

kerala

By

Published : Apr 29, 2023, 4:46 PM IST

ETV Bharat / bharat

തെലങ്കാനയില്‍ ഡ്രെയിനേജില്‍ വീണ് 11കാരിക്ക് ദാരുണാന്ത്യം; സംഭവം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ബാലിക ഡ്രെയിനേജില്‍ വീണുണ്ടായ അപകടമരണത്തില്‍ മുനിസിപ്പിലാറ്റി ജീവനക്കാര്‍ക്കെതിരെ മേയര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി

minor girl dies after falling into a drainage  nala telangana  drainage nala telangana  girl dies after falling into a drainage nala  11കാരിക്ക് ദാരുണാന്ത്യം
11കാരിക്ക് ദാരുണാന്ത്യം

സെക്കന്ദരാബാദ്:സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രെയിനേജില്‍ വീണ 11കാരി മരിച്ചു. തെലങ്കാനയിലെ കലാസിബസ്‌തി സ്വദേശികളായ ശ്രീനിവാസിന്‍റേയും രേണുകയുടേയും മകള്‍ മൗനികയ്‌ക്കാണ് ദാരുണാന്ത്യം. ഇന്ന് രാവിലെ, ഇളയ സഹോദരൻ കാർത്തിക്കിനൊപ്പം പാലുവാങ്ങാന്‍ കടയിലേക്ക് പോയ സമയത്താണ് സംഭവം.

കനത്തമഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാല്‍ ഡ്രെയിനേജ് തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലായിരുന്നു. ഇക്കാരണത്താല്‍ ബാലികയുടെ സഹോദരന്‍ ഈ കുഴിയില്‍ അകപ്പെട്ടു. തുടര്‍ന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് പെണ്‍കുട്ടിയും ഡ്രെയിനേജില്‍ വീണതും തുടര്‍ന്ന് അന്ത്യം സംഭവിച്ചതും. പെണ്‍കുട്ടിയുടെ സഹോദരന്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ബാലിക ഒഴുക്കില്‍പ്പെട്ടതോടെ ഇളയ സഹോദരൻ വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞിരുന്നു. വീട്ടുകാര്‍ തിടുക്കപ്പെട്ടെത്തി തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. മുനിസിപ്പാലിറ്റി ജീവനക്കാരും ദുരന്ത നിവാരണ സേന സംഘവും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. തുടര്‍ന്ന് 500 മീറ്റർ അകലെ നള എന്ന പ്രദേശത്തുവച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആരോപണവുമായി ബാലികയുടെ ബന്ധുക്കള്‍:മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുനിസിപ്പിലാറ്റി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് മരിച്ച ബാലികയുടെ ബന്ധുക്കളുടെ ആരോപണം. ജിഎച്ച്എംസി മേയർ ഗദ്വാൾ വിജയലക്ഷ്‌മി സംഭവസ്ഥലം സന്ദർശിച്ചു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥരുടെ അവഗണനയാണ് അപകടത്തിന് കാരണമെന്ന് മേയര്‍ കുറ്റപ്പെടുത്തി.

കുട്ടിയുടെ കുടുംബത്തിന് മേയർ രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. മൗനികയുടെ മരണത്തില്‍ ഹൈദരാബാദ് മെട്രോപൊളിറ്റൻ അതോറിറ്റി നടപടി സ്വീകരിച്ചു. ഡ്രെയിനേജിന്‍റെ കാര്യത്തില്‍ അനാസ്ഥ കാട്ടിയ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു. മുനിസിപ്പിലാറ്റി എഇ തിരുമലയ്യയേയും വർക്ക് ഇൻസ്പെക്‌ടര്‍ ഹരികൃഷ്‌ണയേയുമാണ് സസ്‌പെൻഡ് ചെയ്‌തുകൊണ്ട് ജിഎച്ച്എംസി ഉത്തരവിറക്കിയത്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

ABOUT THE AUTHOR

...view details