ന്യൂഡൽഹി :മുസ്ലിം പെണ്‍കുട്ടികൾക്ക് ഋതുമതിയായാൽ വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. മുസ്‌ലിം വ്യക്‌തി നിയമ പ്രകാരം പ്രായ പൂർത്തിയായില്ലെങ്കിലും പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാൻ സാധിക്കുമെന്നും അതിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ വിവാഹം കഴിച്ച 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജസ്‌മീത് സിങ്ങിന്‍റേതാണ് നിരീക്ഷണം.
മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഈ വർഷം മാർച്ചിൽ വിവാഹിതരായ മുസ്‌ലിം ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹം നടക്കുമ്പോൾ പെണ്‍കുട്ടിക്ക് 15 വയസും അഞ്ച് മാസവുമായിരുന്നു പ്രായം. 25 വയസുകാരനായിരുന്നു യുവാവ്. വിവാഹത്തിന് പിന്നാലെ ഏപ്രിലിൽ പെണ്‍കുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് തിരികെ കൊണ്ടുവന്നിരുന്നു.
തുടർന്ന് ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ഭർത്താവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതേത്തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.
പ്രായപൂർത്തി ആയോ എന്നത് ബാധകമല്ല : എന്നാൽ മുഹമ്മദൻ നിയമം അനുസരിച്ച് വിവാഹിതരാവുകയും പിന്നീട് ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്‌താൽ അത് ലൈംഗികാതിക്രമ കേസാകില്ലെന്നും പോക്‌സോ നിയമം ചുമത്താനാകില്ലെന്നും കോടതി വ്യക്‌തമാക്കുകയായിരുന്നു. പ്രായപൂർത്തി ആയോ എന്നത് ഇത്തരം കേസുകളിൽ ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.