ന്യൂഡല്‍ഹി:വിദേശമാധ്യമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് 'ഹിന്ദു ദേശീയവാദി' തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മറാത്തിയിലേക്ക് 'ഭാരത് മാർഗ്' എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ട "ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്" എന്ന ഇംഗ്ലീഷ് പുസ്‌തകത്തിന്‍റെ പ്രകാശനത്തിനായി പൂനെയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിദേശ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തെ ഹിന്ദു ദേശീയ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കും, എന്നാല്‍ യൂറോപ്പിലും അമേരിക്കയിലുമുള്ളത് ക്രിസ്റ്റ്യന്‍ ദേശീയ സര്‍ക്കാരാണെന്ന് അവര്‍ പറയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
'നിങ്ങള്‍ വിദേശ പത്രങ്ങളാണ് വായിക്കുന്നതെങ്കില്‍, നമ്മുടെ സര്‍ക്കാരിനെ ഹിന്ദു ദേശീയ സര്‍ക്കാര്‍ എന്ന് അവര്‍ വിശേഷിപ്പിക്കുന്നത് കാണാന്‍ കഴിയും. അമേരിക്കയിലോ യൂറോപ്പിലോ ഉള്ളത് ക്രിസ്റ്റ്യന്‍ ദേശീയത എന്നവര്‍ പറയാറില്ല. കാരണം ഈ വിശേഷണങ്ങള്‍ അവര്‍ നമുക്കായി മാറ്റി വച്ചതാണ്. നമ്മുടെ രാജ്യം മറ്റ് ലോക രാഷ്‌ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നുള്ള കാര്യം അവര്‍ മനസിലാക്കുന്നില്ല'-ജയശങ്കര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഹിന്ദു ദേശീയവാദികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഭരണകൂടം ദുരന്തഘട്ടങ്ങളില്‍ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അന്നത്തെ സര്‍ക്കാരും രാഷ്‌ട്രീയവും ദേശീയതയുള്ളതാണെന്നതില്‍ സംശയമില്ല. ആ വിഷയത്തില്‍ മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.