താനെ :സോഷ്യൽ മീഡിയ ഉപയോക്താവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാദിന് ജാമ്യം. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച താനെയിലെ വർത്തക് നഗർ പൊലീസ് സ്റ്റേഷനിൽ അവാദ് ഹാജരാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 10,000 രൂപ കെട്ടിവച്ച് ഒരു ആൾജാമ്യത്തിലാണ് അവാദിന് വിട്ടത്.
സിവിൽ എഞ്ചിനീയറായ ആനന്ദ് കാർമുസ് എന്ന വ്യക്തി നൽകിയ പരാതിയിലാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിന്‍റെ പേരിൽ ജിതേന്ദ്ര അവാദ് തന്നെ വസതിയിലെത്തിച്ച് ആക്രമിച്ചെന്നായിരുന്നു പരാതി. ഇതേതുടർന്ന് കേസിൽ ഇടപെട്ട ബോംബെ ഹൈക്കോടതി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ താനെ പൊലീസിന് നിർദേശം നൽകി.