പാലക്കാട്:സ്വതന്ത്ര ഭാരതത്തില്‍ വിശാല കാഴ്‌ചപ്പാടോടെ സര്‍വര്‍ക്കും വികസനം എത്തിക്കുകയെന്ന വിശാല കാഴ്‌ചപ്പാടാണ് മോദി സര്‍ക്കാരിനുള്ളതെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്ത്യ സംഗമം വടക്കന്തറ ഭഗവതി ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 15,000ത്തോളം ആളുകള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലായി സഹായം ലഭിച്ചിട്ടുള്ളതെന്നും, ജാതി-മത-രാഷ്‌ട്രീയ ഭേദമന്യെ എല്ലാവര്‍ക്കും വികസനമെന്ന കാഴ്‌ചപ്പാടാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
126 പദ്ധതികളാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആരംഭിച്ചിട്ടുള്ളത്. കൊവിഡ് ദുരന്തത്തെ അതിജീവിക്കാന്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ വെല്ലുവിളികളെയും നേരിട്ടാണ് ഭാരതം മുന്നോട്ടുപോകുന്നത്.
അയല്‍രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ ഭാരതം ശക്തിയാര്‍ജ്ജിച്ച് മുന്നോട്ടുപോവുകയാണ്. ഇതിന് കാരണം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ്. എല്ലാവരെയും വിശ്വാസത്തില്‍ എടുത്താണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ഉത്‌പാദന മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് രാജ്യത്ത് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏത് രാജ്യത്തോടും കിടപിടിച്ചാണ് രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം. ഉജ്വല്‍യോജന പദ്ധതി പ്രകാരം ജില്ലയില്‍ 56,000 വീടുകളില്‍ സൗജന്യ ഗ്യാസ് കണക്ഷനാണ് നല്‍കിയിട്ടുള്ളത്. ഇതുപോലെ ജില്ലയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുള്ള ഓരോ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ ബിജെപി ജില്ല അധ്യക്ഷന്‍ കെ.എം ഹരിദാസ് അധ്യക്ഷത വഹിച്ചു.
Also read: 'ലോകസമാധാനത്തിനായി തുക നീക്കിവയ്ക്കുന്ന പൊറാട്ട് നാടകങ്ങള്‍ അവസാനിപ്പിക്കണം' ; വിമർശനവുമായി വി.മുരളീധരൻ