ശ്രീനഗർ : മഞ്ഞിൽ പൊതിഞ്ഞ് വടക്കൻ കശ്‌മീരിലെ ഗുൽമാർഗ് മേഖല. താഴ്വരയിലെ മിക്ക പ്രദേശങ്ങളിലും ഏറ്റവും കുറഞ്ഞ താപനില ഫ്രീസിങ് പോയിന്‍റിന് താഴെയായി. നിലവിൽ ഗുൽമാർഗിൽ മൈനസ് 10 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രാത്രിയിൽ ഇത് മൈനസ് 4.6 ഡിഗ്രിയായിരുന്നു.
അമർനാഥ് വാർഷിക യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ മൈനസ് 1.8 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം താപനില 0.3 ഡിഗ്രി സെൽഷ്യസിലെത്തിയ ജമ്മു കാശ്മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗർ മാത്രമാണ് ഫ്രീസിങ് പോയിന്‍റിന് മുകളിൽ താപനില രേഖപ്പെടുത്തിയ ഏക പ്രദേശം. താഴ്‌വരയിലേക്കുള്ള ഗേറ്റ് വേ നഗരമായ ഖാസിഗണ്ടിൽ മൈനസ് 0.4 ഡിഗ്രി സെൽഷ്യസും സമീപത്തെ തെക്കൻ കാശ്മീർ പട്ടണമായ കോക്കർനാഗിൽ മൈനസ് 2.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ താപനില മൈനസ് 0.6 ഡിഗ്രിയാണ്.