മധ്യപ്രദേശ്:മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 163 സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തി. 2018ലെ 109 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്. 2018ൽ 114 സീറ്റുകൾ നേടിയ കോൺഗ്രസ് 2023ല്‍ 66 സീറ്റുകളായി ചുരുങ്ങി. പുതിയതായി വന്ന ഭാരത് ആദിവാസി പാർട്ടിക്ക് ഒരു മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഏറ്റവും കുറഞ്ഞ ആസ്‌തിയുള്ളത് ഭാരത് ആദിവാസി പാർട്ടിയുടെ കമലേഷ് ദോദിയാറിനാണ്. 18 ലക്ഷം രൂപയുടെ ആസ്‌തിയാണ് മലേഷ് ദോദിയാറിനുള്ളത്.
എന്നാല്‍ ഏറ്റവും കൂടിയ ആസ്തിയുള്ള ശതകോടീശ്വരൻമാരാണ് മധ്യപ്രദേശിലെ ഭൂരിഭാഗം ജനപ്രതിനിധികളും. ആകെയുള്ള 230 എംഎൽഎമാരിൽ 205 പേരും കോടീശ്വരന്മാരാണെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. 2018ൽ ഒരു കോടി രൂപയിലധികം ആസ്‌തിയുള്ള എംഎൽഎമാരുടെ എണ്ണം 187 ആയിരുന്നത് 2023ൽ 205 ആയി ഉയർന്നു. കോടീശ്വര എംഎൽഎമാരിൽ 144 പേർ ബിജെപിയിൽ നിന്നും 61 പേർ കോൺഗ്രസിൽ നിന്നുമാണ്.
രത്‌ലാം ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ ചൈതന്യ കശ്യപ് 296 കോടി രൂപയുടെ ആസ്‌തിയുമായി പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ വിജയരാഘവ്ഗഡിൽ നിന്ന് വിജയിച്ച ബിജെപി എംഎല്‍എ സഞ്ജയ് സത്യേന്ദ്ര പതക് രണ്ടാം സ്ഥാനത്താണ്.