ബാരാമുള്ള: വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ വാണിഗം ക്രീരി മേഖലയിൽ വ്യാഴാഴ്‌ച പുലർച്ചെ സൈനികർ നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് വാണിഗം പയീൻ ക്രീരിയിൽ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘം കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ബാരാമുള്ളയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു, തെരച്ചിൽ തുടരുന്നു - Encounter Breaks Out in Wanigam Baramulla
ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു
അന്വേഷണം തുടരവെ ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൈനികർക്ക് പരിക്കുണ്ടോ എന്ന കാര്യത്തിൽ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ വെടിവയ്‌പ്പ് നിർത്തി തെരച്ചിൽ തുടരുകയാണ്.
ബുധനാഴ്‌ച രാവിലെ ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്‌ച പുലർച്ചെ കുപ്‌വാര ജില്ലയിലെ പിച്ചനാട് മച്ചിൽ മേഖലയ്ക്ക് സമീപം ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.