ട്രിപ്പോളി: കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പോയ ബോട്ട് ലിബിയന്‍ തീരത്ത് മറിഞ്ഞു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മരിച്ചതായി യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ലിബിയയിലെ അരാജകത്വത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് പലായനം ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്.
തകർന്ന ബോട്ടിൽ 86 കുടിയേറ്റക്കാർ ഉണ്ടായിരുന്നതായാണ് യുഎൻ മൈഗ്രേഷൻ ഏജൻസി പറയുന്നത്. ലിബിയയിലെ പടിഞ്ഞാറൻ തീരമായ സുവാരയിൽ വച്ചുണ്ടായ ശക്തമായ തിരമാലയിൽ തങ്ങളുടെ ഒപ്പമുണ്ടായിരുന്ന 61 പർ മുങ്ങിയതായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നത്. അപകടകരമായ മെഡിറ്ററേനിയൻ പാത വഴിയായിരുന്നു ഇവർ സഞ്ചരിച്ചത്. ഇതേ പാതയിൽ നടന്ന പല അപകടങ്ങളിലായി ആയിരത്തോളം പേർ മരണമടഞ്ഞതായി അധികാരികൾ പറയുന്നു.
മെഡിറ്ററേനിയൻ പാത ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതയായി തുടരുന്നതായി യുഎൻ മൈഗ്രേഷൻ ഏജൻസി എക്‌സിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു. ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാരെ വഹിച്ച് പോവുന്ന പ്രധാന പാതയായി ലിബിയ തുടരുകയായിരുന്നു. 2011-ൽ ഇതേ പാതയിൽ 2,250ൽ അധികം ആളുകൾ മരിച്ചതായി ഐഒഎം ഉദ്യോഗസ്ഥൻ ഫ്ലാവിയോ ഡി ജിയാകോമോ പറഞ്ഞു.