കേരളം

kerala

ETV Bharat / bharat

വീണ്ടും പലായനം ; കൊവിഡ് രണ്ടാം തരംഗത്തിലും പൊറുതിമുട്ടി അതിഥി തൊഴിലാളികള്‍ - migrant labours india second covid wave news

കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമവും രാജ്യത്ത് ഇല്ലെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഭരണത്തിലെത്തിയ ഏതൊരു അധികാരികളും പുലർത്തേണ്ട മാനുഷിക കടമയാണത്.

1
1

By

Published : Apr 29, 2021, 7:58 PM IST

Updated : Apr 29, 2021, 8:10 PM IST

ഹൈദരാബാദ്:കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണ്‍, ഇപ്പോഴത്തെ കൊവിഡ് രണ്ടാം തരംഗം, അതിഥി തൊഴിലാളികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.

മിക്ക സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ച രാത്രികാല കർഫ്യൂവും നിയന്ത്രണങ്ങളും അതിഥി തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെല്ലാം റെയിൽവേ സ്റ്റേഷനുകളിൽ കുടിയേറ്റ തൊഴിലാളികളുടെ വലിയ കൂട്ടം കാണാം. തൊട്ടടുടുത്ത ട്രെയിൻ പിടിച്ച് നാട്ടിലെത്താനാണ് അവർ സ്റ്റേഷനുകളിൽ കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം, കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ, കുടിയേറ്റ തൊഴിലാളികളുടെ തൊഴിലവസരങ്ങൾക്കും കനത്ത പ്രഹരമേറ്റു. ജോലിയില്ലാതെ, ആഹാരമില്ലാതെ, സ്വന്തം നാട്ടിലെത്തിച്ചേരാൻ അവർ വളരെ പണിപ്പെട്ടു. നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഹാമാരിയെ ചെറുക്കാനുള്ള നിയന്ത്രണങ്ങൾക്ക് പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ ഉപജീവനമാർഗവും നഷ്ടപ്പെട്ടു. കഴിക്കാൻ ആഹാരമില്ലാതെ വീണ്ടും അവർ ദുരിതത്തിലാവുകയാണ്.

കൊൽക്കത്ത, മധ്യപ്രദേശ്, ബിഹാർ, ഛത്തീസ്‌ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പ്രധാന നഗരങ്ങളിലേക്ക് ജോലി അന്വേഷിച്ച് കുടിയേറി. റിയൽ എസ്റ്റേറ്റ്, ജലസേചന പദ്ധതികൾ, ഫ്ലൈ ഓവറുകൾ, ഡ്രെയിനേജുകൾ എന്നിവയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇത്തരമൊരു ദുരന്തഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക് കൈത്താങ്ങായി സർക്കാരും കൂടെ നില്‍ക്കേണ്ടതുണ്ട്.

സെൻസസ് കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം 11.80 കോടി അതിഥി തൊഴിലാളികളുണ്ട്. ഓരോ വർഷം കഴിയുന്തോറും എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. പല സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികളില്ലാത്ത സാഹചര്യമുണ്ടായാൽ നിർമാണ മേഖല സ്തംഭിക്കും. പല സംസ്ഥാനങ്ങളിലെയും കാർഷിക മേഖലയും തകർച്ചയിലാകും.

Also Read: കൊവാക്സിന് വിലകുറച്ചു ; 400 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക്

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ ഈ തൊഴിലാളികൾ അവരുടെ കുട്ടികളെ ചുമലിലേറ്റ് സാധനങ്ങളുമായി ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു. കുറച്ച് നന്മ മനസുകളുടെ ദയയിൽ അവർ മിക്കവരും വിശപ്പടക്കി. പലർക്കും കഴിക്കാൻ ഭക്ഷണം ഇല്ലാതിരുന്നപ്പോഴും വീടെത്തിപ്പെടാനുള്ള യാത്ര അവർ മുടക്കിയില്ല. ക്ഷീണവും വേദനയും അതിജീവിച്ച് കാൽനട തുടരുമ്പോഴും ഒരുപാട് തൊഴിലാളികൾ കുഴഞ്ഞുവീണ് മരിച്ചു. കൊവിഡ് കാലത്ത് കണ്ട ഏറ്റവും ദാരുണമായ കാഴ്ച.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ കൈക്കൊള്ളണം. തൊഴിലാളികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ആവശ്യമായ ട്രെയിനുകൾ ക്രമീകരിക്കണം. ഒരു കോടി അതിഥിതൊഴിലാളികളെ ശ്രമിക് ട്രെയിനുകൾ വഴി നാട്ടിലെത്തിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഗതാഗത സൗകര്യം ആവശ്യമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തേക്കാൾ ഇത് വളരെ കുറവായിരുന്നു.

ആവശ്യത്തിന് ട്രെയിനുകൾ ക്രമീകരിക്കുന്നതിന് പുറമെ, തൊഴിലാളികളുടെ ഭക്ഷണവും മറ്റ് ആവശ്യങ്ങളും നടപ്പാക്കാനും സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധി മാറി സ്ഥിതി മെച്ചപ്പെടുന്നതുവരെ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കണം. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമവും രാജ്യത്ത് ഇല്ലെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഭരണത്തിലേറിയവര്‍ പുലർത്തേണ്ട മാനുഷിക കടമയാണത്.

Last Updated : Apr 29, 2021, 8:10 PM IST

For All Latest Updates

ABOUT THE AUTHOR

...view details