ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്കൊടുവില്‍ മനുഷ്യന്‍റെ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യക്ക് (ഫേഷ്യല്‍ റെകഗനൈസേഷന്‍) നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി മൈക്രോസോഫ്റ്റ്. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കമ്പനി പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരാളുടെ ലിംഗം, പ്രായം, ചിരി, മുഖത്തെ രോമങ്ങള്‍, മുടി, മേക്ക് അപ്പ് എന്നിവ കണ്ടെത്തുന്നതിനാണ് കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
സാങ്കേതിക വിദ്യ പൂര്‍ണമായും നിയന്ത്രിക്കില്ലെന്നും എന്നാല്‍ പൊതുജനത്തിന് ഇത് പൂര്‍ണ തോതില്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമെന്നും കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാന്‍ഡേഡ്‌സിന്‍റെ ഭാഗമായാണ് തീരുമാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കൂടുതൽ കൂടുതൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്.
നമ്മുടെ നിയമങ്ങൾ ഇപ്പോഴും ഏറെ പിന്നിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ അപകടങ്ങളും അത് സമൂഹത്തിന് നല്‍കുന്ന ഗുണങ്ങളും ഇതുവരെ നിയമജ്ഞര്‍ക്ക് മനസിലാക്കിയിട്ടില്ലെന്നും മൈക്രോസോഫ്റ്റിലെ ചീഫ് റെസ്‌പോൺസിബിൾ എഐ ഓഫിസർ നതാഷ ക്രാംപ്ടൺ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങള്‍ മാറുകയാണ്.
അതിന് അനുയോജ്യമായി തങ്ങളുടെ ഉത്തരവാദിത്വങ്ങളും മാറുകയാണെന്നും നതാഷ കൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റ് അതിന്റെ കസ്റ്റം ന്യൂറൽ വോയ്‌സ് ഫീച്ചറിന് സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ ശബ്‌ദത്തിന്‍റെ തരംഗം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി റെക്കോഡ് ചെയ്ത് പിന്നീട് ആ ശബ്ദം നിര്‍മിക്കുന്ന രീതിയാണിത്.
പിന്നീട് ഇതില്‍ കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ നിയന്ത്രണമാണ് നിലവില്‍ പുതിയ സാങ്കേതിക വിദ്യയിലും അവതരിപ്പിച്ചത്. ജൂൺ 21 മുതൽ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാണെന്നും കമ്പനി അറിയിച്ചു.