അമരാവതി : ചൊവ്വാഴ്‌ച ബപട്‌ലയ്‌ക്ക് സമീപം ആന്ധ്രപ്രദേശ് തീരം കടന്ന് ചുഴലിക്കാറ്റായി മാറിയ മിഷോങ് കനത്ത നാശം വിതച്ചു (Michaung Cyclone in Andhra Pradesh). അടുത്ത ആറ് മണിക്കൂറിനുള്ളിൽ മിഷോങ് അതി തീവ്ര ന്യൂനമർദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക അറിയിപ്പ്. ശക്തമായ കൊടുങ്കാറ്റിൽ 770 കിലോമീറ്റർ റോഡുകൾ തകരുകയും, 35 മരങ്ങൾ പിഴുതെറിയപ്പെടുകയും, മൂന്ന് കന്നുകാലികൾ കൊല്ലപ്പടുകയും ചെയ്‌തു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം 194 ഗ്രാമങ്ങളിൽ നിന്നും രണ്ട് പട്ടണങ്ങളിൽ നിന്നുമായി ഏകദേശം 40 ലക്ഷത്തോളം ആളുകളെ മിഷോങിന്‍റെ (Michaung cyclonic storm) ആഘാതം ബാധിച്ചു. 25 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്‌ച ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തിങ്കളാഴ്‌ച തിരുപ്പതി ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് നാല് വയസുള്ള കുട്ടി മരിച്ചതായി ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡയറക്‌ടർ ബിആർ അംബേദ്‌കർ പറഞ്ഞു.
ബാപട്‌ലയിൽ ഒരാൾ മരിച്ചതിന്‍റെ കാരണം ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് ജില്ല പൊലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 204 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,173 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് (Michaung crisis in Andhra Pradesh). ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 18,073 ഭക്ഷണപ്പൊതികളും ഒരു ലക്ഷത്തിലധികം വാട്ടർ പാക്കറ്റുകളും വിതരണം ചെയ്‌തു.