അമരാവതി:മിഷോങ് ചുഴലിക്കാറ്റ് (Cyclone Michaung) കരതൊടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ആന്ധ്രാപ്രദേശ് (Andhra Pradesh Michaung). ഇന്ന് (ഡിസംബര്‍ 5) ഉച്ചയോടെ നെല്ലൂരിനും മച്ച്ലി പട്ടണത്തിനുമിടയില്‍ തീവ്രചുഴലിക്കാറ്റായി മാറിയ മിഷോങ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം. ആന്ധ്രാപ്രദേശിന്‍റെ തെക്കന്‍ മേഖലകളിലാണ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടുതലായി അനുഭവപ്പെടാന്‍ സാധ്യത.
ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ് തെക്കന്‍ തീരത്തെ ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 900-ത്തിലധികം പേരെയാണ് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. പ്രദേശത്ത് ഓല മേഞ്ഞ വീടുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചതായി ബപട്‌ല ജില്ല പൊലീസ് സൂപ്രണ്ട് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
21 ദുരിതാശ്വാസ ക്യാമ്പുകളാണ് ബപട്‌ല ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. മിഷോങ് തീവ്ര ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലും ശക്തമായ മഴയാണ് പെയ്യുന്നത്. മഴയെ തുടര്‍ന്ന് ബപട്‌ലയില്‍ മാത്രം നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും പത്തിലധികം പാലങ്ങളും കലുങ്ങുകളും വെള്ളത്തിനടിയിലാകുകയും ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തീവ്രചുഴലിക്കാറ്റായ മിഷോങ് 90-100 കിലോ മീറ്റര്‍ വേഗതയില്‍ കരതൊടുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാനിടെയുണ്ട്. വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നലെ (ഡിസംബര്‍ 4) രാവിലെ 8:30 മുതല്‍ ഇന്ന് (ഡിസംബര്‍ 5) രാവിലെ 6:30 വരെയുള്ള സമയത്തിനുള്ളില്‍ റെക്കോഡ് മഴയാണ് വിവിധ ജില്ലകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.