കൊൽക്കത്ത : റെയ്‌ഡ് നടത്താനെത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘം ആക്രമിക്കപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിലുൾപ്പെട്ട മുഖ്യ പ്രതി ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യാത്തതിൽ സർക്കാരിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. (MHA Seeks Report From West Bengal Govt Over Attack on ED Teams)
അന്വേഷണ പുരോഗതി വിലയിരുത്താൻ ഇഡി മേധാവി രാഹുൽ നവീൻ ഇന്നലെ (ചൊവ്വ) കൊൽക്കത്തയിൽ എത്തിയിരുന്നു. സിജിഒ കോംപ്ലക്‌സിൽ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. സ്‌പെഷ്യൽ ഡയറക്‌ടർ സുഭാഷ് അഗർവാൾ, അഡീഷണൽ ഡയറക്‌ടർ വിനോദ് ശർമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഉദ്യോഗസ്ഥർ രാഹുൽ നവീനിനെ ധരിപ്പിച്ചു. (ED Chief at WB)
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ജനുവരി 5) ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. റേഷൻ കുംഭകോണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ (Shahjahan Shaikh) സന്ദേശ്ഖാലിയിലെ വസതിയിൽ റെയ്‌ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത് (Sandeshkhali ruckus). രാവിലെ ഏഴ് മണിയോടെയാണ് റെയ്‌ഡിനായി ഇഡി ഉദ്യോഗസ്ഥർ ഷെയ്‌ഖിന്‍റെ വസതിയിൽ എത്തിയത്. എന്നാൽ പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിന്‍റെ പൂട്ട് തകർക്കാൻ കേന്ദ്ര സുരക്ഷ സേനയോട് ഇഡി ആവശ്യപ്പെട്ടു. (ED Team Attacked)