ശ്രീനഗർ :ജമ്മു കശ്‌മീരിൽ1990-2020 നും ഇടയിൽ 14,091 പൗരന്മാരും 5,356 സുരക്ഷ സേനാംഗങ്ങളും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ (എംഎച്ച്എ) കണക്ക്. 1990കളിൽ 64,827 കശ്‌മീരി പണ്ഡിറ്റ് കുടുംബങ്ങൾ കശ്‌മീരി താഴ്വരകളിൽ നിന്ന് ജമ്മുവിലേക്കും ഡൽഹിയിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കുടിയേറി പാർത്തതായാണ് റിപ്പോർട്ട്.
ജമ്മു കശ്‌മീരിലെ റിലീഫ് ആൻഡ് മൈഗ്രന്‍റ് കമ്മീഷണർ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ 43,618 കശ്‌മീരി കുടിയേറ്റ കുടുംബങ്ങൾ ജമ്മുവിലും, 19,338 കുടുംബങ്ങൾ ഡൽഹിയിലും, 1,995 കുടുംബങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. കശ്‌മീരി കുടിയേറ്റക്കാരെ താഴ്‌വരയിൽ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ പുനർനിർമ്മാണ പാക്കേജ്-2008 ൽ 3000 തൊഴിലുകളും പ്രധാനമന്ത്രിയുടെ വികസന പാക്കേജ്-2015 (പിഎംഡിപി-2015) പ്രകാരം 3,000 തൊഴിലുകളും എംഎച്ച്എ അംഗീകരിച്ചു. ഇവരുടെ താമസ സൗകര്യങ്ങളുടെ നിർമ്മാണത്തിനു വേണ്ടി 920 കോടി രൂപ എംഎച്ച്എ അനുവദിച്ചു. 1,025 ഫ്ലാറ്റുകളുടെ പണി പൂർത്തീകരിച്ചു. 1,488 ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.