മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യവസായിയുടെ ദുരൂഹമരണവും എന്‍ഐഎ അന്വേഷിക്കും. സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്ന സ്കോര്‍പിയോ കാറിന്‍റെ ഉടമസ്ഥനായ മന്‍സുക് ഹിരണിന്‍റെ മരണമാണ് എന്‍ഐഎ അന്വേഷിക്കുക. താനെ സ്വദേശിയായ മന്‍സുകിന്‍റെ മൃതശരീരം മുംബൈക്ക് സമീപത്തെ തുറമുഖത്ത് നിന്നും മാര്‍ച്ച് അഞ്ചിനാണ് കണ്ടെത്തിയത്. സ്ഫോടകവസ്തുക്കളുമായി കാര്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് മന്‍സുകിന്‍റെ മരണവും കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത്.
അംബാനി കേസ്: മന്‍സുക് ഹിരണിന്‍റെ മരണവും എന്‍ഐഎ അന്വേഷിക്കും
സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്ന സ്കോര്‍പിയോ കാര്‍ മന്‍സുക് ഹിരണിന്‍റേതെന്നാണ് കണ്ടെത്തല്‍. ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയ്ക്ക് വിട്ടത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷണം തുടരുന്നതിനിടെ.
സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. മന്‍സുകിന്‍റെ മരണത്തിലും വാസേ അന്വേഷണം നേരിടുന്നുണ്ട്. മരണം കൊലപാതകമാണെന്നും സച്ചിന്‍ വാസെയ്ക്ക് പങ്കുണ്ടെന്നും മന്‍സുകിന്‍റെ ഭാര്യ ആരോപിച്ചിരുന്നു. വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷണം തുടരുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയ്ക്ക് വിട്ടത്.
അതേ സമയം മന്‍സൂക് ഹിരണിന്‍റെ ആന്തരികാവയവ പരിശോധനയും പുരോഗമിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള പദാര്‍ഥങ്ങള്‍ ആരെങ്കിലും ഹിരണിന് നല്‍കിയിരുന്നോയെന്നാണ് പരിശോധിക്കുന്നത്. കാറില്‍ നിന്നും കണ്ടെത്തിയ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ മാരകശേഷിയുള്ളവയല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു.