ഹൈദരാബാദ്:തെലങ്കാനയിൽ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്‌തിരുന്ന മൂന്നംഗ സംഘത്തെ എക്സൈസ് പൊലീസ് പിടികൂടി. പവൻ, മഹേശ്വര റെഡ്ഡി, രാമകൃഷ്ണ ഗൗഡ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലെ മുഖ്യപ്രതികളായ എസ്.കെ റെഡ്ഡിയും ഹൻമന്ത് റെഡ്ഡിയും രക്ഷപ്പെട്ടു. ഇവരിൽ നിന്നും രണ്ട് കോടി രൂപ വിലവരുന്ന 4.92 കിലോഗ്രാം മെഫിഡ്രോൺ പിടിച്ചെടുത്തു. ഇതിനായി ഉപയോഗിച്ചിരുന്ന കാറും എക്സൈസ് കണ്ടെടുത്തു.
ALSO READ:ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് മാനസിക വിഭ്രാന്തി; വിചാരണ മാറ്റിവച്ചു
മേഡ്‌ചൽ ജില്ലയിലാണ് സംഭവം. പ്രതികളിലൊരാളായ പവനെ കുക്കട്ട്‌പള്ളി എന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും നാല് ഗ്രാം മെഫിഡ്രോൺ പിടിച്ചെടുത്തു. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതി മഹേശ്വര റെഡ്ഡിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 926 ഗ്രാം മെഫിഡ്രോണും മറ്റൊരു പ്രതി രാമകൃഷ്ണ ഗൗഡിന്‍റെ കാറിൽ നിന്ന് നാല് കിലോഗ്രാം മെഫിഡ്രോണും കണ്ടെടുത്തു.
അതേസമയം മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉത്തരവോടെ സംസ്ഥാനത്ത് മയക്കുമരുന്ന് നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തി വരുന്നതായും പൊലീസ് വ്യക്തമാക്കി.