ലഖ്‌നൗ:കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വീട്ടമ്മ 20 വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഉത്തര്‍പ്രദേശ് മഥുര സ്വദേശിയായ റിഷാറിന്‍റെ ഭാര്യ മുബീനയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട മുബീന കഴിഞ്ഞ 11 വര്‍ഷമായി തിരുപ്പത്തൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.
മുബീന തിരികെയെത്താന്‍ കാരണമായത് തിരുപ്പത്തൂർ സ്വദേശിയും ആഗ്രയിൽ എയർഫോഴ്‌സ് ജോലിക്കാരനുമായ അരുണ്‍ കുമാറാണ്. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 11 വര്‍ഷം മുമ്പ് തിരുപ്പത്തൂര്‍ ബസ് സ്റ്റാന്‍റില്‍ കറങ്ങി നടന്ന മുബീനയെ തിരുപ്പത്തൂര്‍ പൊലീസാണ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രം സ്ഥാപകനായ രമേശാണ് കഴിഞ്ഞ 11 വര്‍ഷമായി മുബീനയ്ക്ക് ചികിത്സ നല്‍കി കൊണ്ടിരിക്കുന്നത്.
ചികിത്സയിലൂടെ മുബീനയുടെ മാനസിക ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. മുബീനയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ഏതാനും ദിവസം മുമ്പാണ് ആഗ്ര സ്വദേശിയായ അരുൺ കുമാർ തന്‍റെ ബന്ധുവിന്‍റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനായി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയത്. അപ്പോഴാണ് രമേശ് അരുണ്‍ കുമാറിനോട് മുബീനയുടെ കുടുംബത്തെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.
ജോലിക്കായി വീണ്ടും അരുണ്‍ കുമാര്‍ ആഗ്രയിലെത്തിയപ്പോള്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുബീനയുടെ കുടുംബത്തെ കണ്ടെത്തി വിവരം അറിയിച്ചു. വിവരമറിഞ്ഞ കുടുംബം ഇന്നലെ തിരുപ്പത്തൂരെത്തി മുബീനയെ കണ്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്‌ച കുടുംബത്തിന് സങ്കടത്തോടൊപ്പം സന്തോഷവും നല്‍കി. നടപടി ക്രമങ്ങള്‍ക്ക് ശേഷം ജില്ല കലക്‌ടര്‍ അമര്‍കുഷ്വാഹയും മാനസികാരോഗ്യ കേന്ദ്രം സ്ഥാപകൻ രമേശും ചേര്‍ന്ന് മുബീനയെ കുടുംബത്തിന് കൈമാറി.