ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിനൊപ്പം ഓക്‌സിജൻ ക്ഷാമവും രൂക്ഷമായതോടെ തെലങ്കാനയിലേക്ക് മൂന്ന് ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്‌തു. തായ്‌ലൻഡിൽ നിന്ന് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (മെയിൽ) ആണ് ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്‌തത്.
ബേഗംപേട്ട് വിമാനത്താവളത്തിൽ നിന്നാണ് ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകൾ സ്വീകരിച്ചത്. 1.40 കോടി ലിറ്റർ ഓക്‌സിജൻ ലഭ്യമാക്കാൻ സാധിക്കുന്ന 11 ടാങ്കറുകളാണ് ഓർഡർ ചെയ്‌തിരിക്കുന്നതെന്നും അതിൽ മൂന്നെണ്ണം ലഭിച്ചുവെന്നും എട്ട് ടാങ്കറുകൾ ഉടൻ തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് എത്തുമെന്നും മെയിൽ ഡയറക്‌ടർ ശ്രീനിവാസ് അറിയിച്ചു. ആശുപത്രികളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ വിതരണം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ ടാങ്കറുകൾ മെയിൽ സംസ്ഥാനത്തിന് സൗജന്യമായി നൽകി. മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനൊപ്പം തെലങ്കാന സർക്കാരിന്‍റെ ചീഫ് സെക്രട്ടറി സോമേഷ് കുമാറിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ഉപദേശക സമിതിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.