റോസോ (ഡൊമിനിക്ക) :പഞ്ചാബ് നാഷണൽ ബാങ്കിലെ 13000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന വജ്രവ്യാപാരി മെഹുൽ ചോക്‌സിക്ക് ആന്‍റിഗ്വ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. കോടതി അനുമതി ഇല്ലാതെ ചോക്‌സിയെ അന്‍റിഗ്വയിൽ നിന്നും ബാർബുഡയിൽ നിന്നും നാട് കടത്തരുതെന്നാണ് കോടതി ഉത്തരവിട്ടത്. 2021 മെയിൽ ആന്‍റിഗ്വയിലായിരുന്ന ചോക്‌സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോയി എന്ന കേസിലാണ് കോടതി വിധി.
ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ചോക്‌സിയെ ആന്‍റിഗ്വയിൽ നിന്ന് മാറ്റരുതെന്നാണ് ഉത്തരവ്. തനിക്ക് മനുഷ്യത്വ രഹിതമായ ശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുമെന്നും ആശങ്കയുണ്ടെന്നും അതുകൊണ്ട് തന്‍റെ ആവശ്യങ്ങളില്‍ അന്വേഷണം വേണമെന്നും ചോക്‌സി കോടതിയിൽ പറഞ്ഞിരുന്നു. കേസിലെ എതിർ ഭാഗമായ ആന്‍റിഗ്വ അറ്റോര്‍ണി ജനറല്‍, പൊലീസ് ചീഫ് എന്നിവര്‍ക്ക് സമഗ്രമായ ഒരു അന്വേഷണം ഈ വിഷയത്തില്‍ നടത്തുന്നതിന് താല്‍പര്യമില്ലായിരുന്നുവെന്നും ചോക്‌സി കോടതിയില്‍ ഉന്നയിച്ചു.
അതേസമയം ചോക്‌സിയെ ബലം പ്രയോഗിച്ച് അദ്ദേഹത്തിന്‍റെ നിയമപരിധിയില്‍ നിന്ന് മാറ്റിയതാണെന്നും, അതിന് ശേഷം ഡൊമിനിക്കയിലേക്ക് അദ്ദേഹത്തിന്‍റെ സമ്മമില്ലാതെ കൊണ്ടുപോയി എന്നതിന് തെളിവുണ്ടെന്നും കോടതി വിധിയില്‍ വ്യക്‌തമാക്കി. തുടർന്ന് അപ്പീൽ അടക്കമുള്ള നിയമപരമായ പരിഹാരങ്ങൾ തേടുന്നതിനും ചോക്‌സിക്ക് കോടതി അനുമതി നൽകുകയായിരുന്നു.
സിബിഐക്ക് തിരിച്ചടി: അതേസമയം ചോക്‌സിക്ക് അനുകൂലമായ ഈ വിധി വായ്‌പ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന സിബിഐക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ചൗക്‌സിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.