ന്യൂഡൽഹി :പിഎൻബി തട്ടിപ്പ് കേസിൽ ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്‌സിയെ ഡൊമിനിക്കയിലെ സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി വൃത്തങ്ങൾ. ശനിയാഴ്ച ജയിലിൽ ചോക്സിക്ക് മർദനമേറ്റതിന്‍റെ ദൃശ്യങ്ങൾ ആന്‍റിഗ്വ ന്യൂസ് റൂം പുറത്തുവിട്ടിരുന്നു.
വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ശേഷം മെയ് 23ന് കാണാതായ ചോക്സിയുടെ ആദ്യ പൊതു ചിത്രങ്ങളാണിവ. മെയ് 26നാണ് ചോക്സി ഡൊമിനിക്ക പൊലീസിന്‍റെ പിടിയിലാവുന്നത്. വൈദ്യപരിചരണത്തിനും കൊവിഡ് പരിശോധനക്കുമായി ചോക്സിയെ ആശുപത്രിയിലേക്ക് മാറ്റാൻ വെള്ളിയാഴ്ച കിഴക്കൻ കരീബിയൻ സുപ്രീം കോടതി അനുവദിച്ചിരുന്നു.
അതിനിടെ നാടുവിട്ട ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമായി. ചോക്സി ഇന്ത്യൻ പൗരനാണെന്നും രണ്ട് ബില്യണോളം യുഎസ് ഡോളർ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ശേഷം രാജ്യത്തെ നിയമ നടപടികളിൽ നിന്ന് രക്ഷപെടാനാണ് മറ്റു രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചതെന്നും വിവിധ ഏജൻസികൾ ഡൊമിനിക്ക സർക്കാരിനെ അറിയിച്ചു.