അനന്ത്‌നാഗ്: രജൗരിയിൽ (Rajouri) തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്‌തി (Mehbooba Mufti Attacks BJP Over Rajouri Encounter). ബിജെപി കശ്‌മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അവകാശപ്പെടുമ്പോൾ എന്തുകൊണ്ടാണ് അവിടെ നിത്യേന സംഘർഷമുണ്ടാകുന്നതെന്നും, യുവാക്കൾക്ക് ജീവൻ നഷ്ടപ്പെടുന്നതെന്നും മെഹബൂബ ചോദിച്ചു. അനന്ത്‌നാഗിലെ കോക്കർനാഗിൽ (Kokernag) പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മുഫ്‌തി കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചത്.
ജമ്മു കശ്‌മീരിലെ (Jammu and Kashmir) സ്ഥിതിഗതികൾ ശാന്തമാണെന്ന് നടിച്ച് ബിജെപി അവരുടെ പരാജയങ്ങൾ മറച്ചുവെക്കുകയാണെന്ന് മെഹബൂബ ആരോപിച്ചു. സൈന്യത്തിലെയും സുരക്ഷാ സേനയിലെയും യുവാക്കളാണ് ഓരോ ദിവസവും നടക്കുന്ന ഏറ്റുമുട്ടലുകളിൽ ത്യാഗം സഹിക്കുന്നത്. ഇത് ഒരാളെ മാത്രമല്ല, കുടുംബത്തെയാകെ ബാധിക്കും. നിഷ്‌കളങ്കരായ കുട്ടികൾ അനാഥരാകുമെന്നും മെഹബൂബ കുറ്റപ്പെടുത്തി.
ഇവിടെ സ്ഥിതിഗതികൾ നല്ല രീതിയിലാണെങ്കിൽ എന്തുകൊണ്ട് സൈന്യത്തെ തിരികെ ബാരക്കുകളിലേക്ക് അയക്കുന്നില്ല? നേരെ മറിച്ച് ഇവിടെ സുരക്ഷാ സേനയുടെ എണ്ണം വർദ്ധിപ്പിക്കുകയാണ്.
ലഷ്‌കർ കമാൻഡറെ വകവരുത്തി: അതേസമയം ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു കമാൻഡറെയും കൂട്ടാളിയെയും സുരക്ഷാ സേന വെടിവച്ചു കൊന്നു. 'ക്വാരി' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കമാൻഡറാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു-കശ്‌മീർ പോലീസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
കൊല്ലപ്പെട്ട കമാൻഡറും സംഘവും കഴിഞ്ഞ ഒരു വർഷമായി രജൗരി-പൂഞ്ച് മേഖലയിൽ സജീവമായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. കൊല്ലപ്പെട്ട കമാൻഡർ ഡാൻഗ്രി, കാണ്ടി എന്നിവിടങ്ങളിൽ നേരത്തെ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നും കരുതപ്പെടുന്നു.
ഇയാളെ ഈ മേഖലയിൽ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാൻ അയച്ചതാണെന്നും, ഇംപ്രൊവൈസ്‌ഡ് എക്സ്പ്ലോസീവ് ഡിവൈസ് അഥവാ ഐഇഡി (IED) കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ധനായ ഇയാൾ പരിശീലനം സിദ്ധിച്ച സ്നൈപ്പറാണെന്നും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. മലമടക്കുകളിലെ ഗുഹകളിൽ ഇയാൾ ഒളിച്ചു കഴിഞ്ഞുവരികയായിരുന്നു എന്നാണ് വിവരം. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള നിരവധി വസ്‌തുക്കളും സുരക്ഷാ സേന കണ്ടെടുത്തു.
ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 19 ന് തുടങ്ങിയ സംയുക്ത തെരച്ചിലാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഇന്‍റലിജൻസ് വിവരപ്രകാരം സൈന്യം ഒരു പ്രദേശം വളഞ്ഞിരുന്നു. ഇതിനിടെ പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ റാങ്കിലുള്ള നാലുപേരാണ് മരിച്ചത്. ചികിത്സയിലിരുന്ന ഒരു സൈനികൻ ഇന്ന് മരിച്ചതോടെയാണ് ജീവൻ നഷ്‌ടമായ സൈനികരുടെ എണ്ണം അഞ്ചായത്.
Also Read:കശ്‌മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ ; ക്യാപ്‌റ്റന്മാര്‍ ഉള്‍പ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു
കശ്‌മീരിലെ പിര്‍ പഞ്ചല്‍ വന മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരം ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് ഇവിടെ ഏറ്റുമുട്ടല്‍ വര്‍ധിക്കാന്‍ കാരണം. മേഖലയിലെ നിബിഡ വനം ഭീകരര്‍ ഒളിത്താവളമാക്കുന്നതാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ജമ്മു പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ആനന്ദ് ജെയിന്‍ പറഞ്ഞു.