ന്യൂഡൽഹി: യുദ്ധത്തിനിടെ ഇസ്രായേലിലും പാലസ്‌തീനിലുമായി കുടുങ്ങിയ 27 മേഘാലയ സ്വദേശികൾ സുരക്ഷിതരായി ഈജിപ്‌തിലേക്ക് കടന്നതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ( Meghalayan Pilgrims Left Israel- Safely Reached Egypt). രാജ്യസഭാ എം പിയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഡോ. വാൻവീറോയ് ഖർലൂഖിയും ഭാര്യയും മകളും അടങ്ങുന്ന തീർത്ഥാടക സംഘമാണ് കുടുങ്ങിയത്. ഇവർ ജെറുസലേമിലേക്ക് തീർത്ഥാടനത്തിനായി പോയതാണ്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബെത്ലഹേമിൽ കുടുങ്ങിപ്പോകുകയായിരുന്നു.
“ഏറ്റവും പുതിയ വിവരമനുസരിച്ച്, വിദേശകാര്യ മന്ത്രാലയത്തിന്‍റെയും നമ്മുടെ ഇന്ത്യൻ മിഷന്‍റെയും ശ്രമങ്ങളിലൂടെ, ഇസ്രായേലിന്‍റെയും പാലാസ്തീനിന്‍റെയും യുദ്ധമേഖലയിൽ കുടുങ്ങിയ മേഘാലയയിൽ നിന്നുള്ള ഞങ്ങളുടെ 27 പൗരന്മാർ സുരക്ഷിതമായി അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോയി" കോൺറാഡ് സാംഗ്മ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
ഇസ്രയേലിൽ കുടുങ്ങിയ നടി നാട്ടിലെത്തി: ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രയേലിൽ കുടുങ്ങിയ നടി നുഷ്രത്ത് ബറുച്ച സുരക്ഷിതമായി നാട്ടിലെത്തി (Actress Nushrratt Bharuccha Safely Landed In Mumbai). ഇസ്രയേലിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നടിയെ മുംബൈയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. സെപ്‌റ്റംബർ 28 മുതൽ ഒക്‌ടോബർ ഏഴ് വരെ ഇസ്രയേലിൽ നടന്ന ഹൈഫ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് നടി ഇസ്രയേലിൽ പോയത്. ഇതിനിടെയാണ് ഇസ്രയേലിൽ ഹമാസ് ആക്രമണം ഉണ്ടായത്.
നടിയുമായുള്ള ആശയവിനിമയം നടത്താനുള്ള സാധ്യത നഷ്‌ടപ്പെട്ടതോടെ ഏവരും ആശങ്കയിലായി. ഇസ്രയേലിൽ നിന്നു തിരികെ വരാനായി അടുത്തുള്ള വിമാനത്താവളത്തിൽ എത്തുകയായിരുന്നു. വിമാനത്താവളം സംഘർഷ പരിധിയിൽ അല്ലാത്തതിനാൽ നടിയ്‌ക്കും സംഘത്തിനും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ത്യയിലെത്താനുള്ള സാധ്യത തെളിഞ്ഞു. ഞായറാഴ്‌ച (08-10-2023) ഉച്ചയോടെ നടിയും സംഘവും മുംബൈ വിമാനത്താവളത്തിൽ എത്തി.